പുറം രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു, ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും മുൻകരുതലെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. മാസ്‌ക് ധരിക്കുക, കൈകഴുകുക തുടങ്ങിയ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർഥിച്ചു.
'പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി കാണുന്നു. ജാഗ്രത പാലിക്കണം. മാസ്‌ക് ധരിക്കുകയും പതിവായി കൈ കഴുകുകയും വേണം.' -പ്രധാനമന്ത്രി പറഞ്ഞു.
രാജ്യാന്തര വിമാന സർവിസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയോ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടതോ ആയ സാഹചര്യം നിലവിൽ ഇന്ത്യയിലില്ലെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ചില രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാഗ്രതയും തുടരണമെന്നും വ്യക്തമാക്കി.
പ്രതിരോധ നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ, പി.എസ്.എ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, മനുഷ്യവിഭവശേഷി എന്നിവയുൾപ്പെടെ ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനാണ് മോക്ഡ്രിൽ. വെള്ളിയാഴ്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ച കേന്ദ്രം രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ഉന്നതതല യോഗവും നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.