തുണയില്ലാതെ ഹജ്ജ് നിർവഹിക്കാൻ 1300 സ്ത്രീകൾക്ക് അനുമതി -മോദി
text_fieldsന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ ശുചിത്വ നിലവാരത്തിെൻറ കാര്യത്തിൽ ഉണ്ടാക്കിയ നേട്ടം വിലയിരുത്താൻ ജനുവരി നാലു മുതൽ 10 വരെ ‘സ്വച്ഛ് സർവേക്ഷൺ’ എന്ന പേരിൽ പ്രത്യേക സർവേ നടത്തും. ലോകത്തിലെതന്നെ ഏറ്റവും വലിയ സർവേയായിരിക്കും ഇത്. നാലായിരത്തോളം നഗരങ്ങളിലായി 40 കോടി പേർക്കിടയിലാണ് സർവേ നടക്കുകയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
നഗരങ്ങളെ വെളിയിട വിസർജന മുക്തമാക്കൽ, മാലിന്യശേഖരണം, മാലിന്യ നീക്കം, സംസ്കരണം, ശീലങ്ങളിൽ മാറ്റംവരുത്തൽ, ശേഷി വികസനം, നൂതന ശുചിത്വ ശ്രമങ്ങൾ തുടങ്ങിയവ സർവേയിൽ വിശകലനം ചെയ്യും. വെവ്വേറെ സംഘങ്ങൾ ജനങ്ങളിൽനിന്ന് പ്രതികരണം തേടും. നഗരത്തിലെ ശുചിത്വ പദ്ധതി ജനങ്ങളുടെ ശീലമായി മാറാൻ സംവിധാനമായോ എന്ന് പരിശോധിക്കും. സർവേയുടെ അടിസ്ഥാനത്തിൽ നഗരങ്ങളുടെ റാങ്കിങ് നടത്തും. വീട്ടിലെ ചപ്പു ചവറുകൾ ഉണങ്ങിയതും ഈർപ്പമുള്ളതും വേർതിരിച്ച് നീല, പച്ച കൂടകളിൽ ഇടാൻ നഗരവാസികൾ ശീലിെച്ചന്ന് കരുതുന്നതായി മോദി പറഞ്ഞു.
ഇൗ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ 10 ആസിയൻ രാജ്യങ്ങളിൽനിന്ന് 10 മുഖ്യാതിഥികൾ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണ നിലക്ക് ഒരു മുഖ്യാതിഥിയാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാവുക. ഇൗ രീതിയാണ് ഇക്കുറി മാറുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ അസോസിയേഷനാണ് ആസിയൻ. 2017ൽ ആസിയാനുമായുള്ള ഇന്ത്യയുടെ സഖ്യത്തിന് 25 വർഷമായി. ജനുവരി 26ന് അംഗരാജ്യങ്ങളിലെ നേതാക്കൾ ഡൽഹിയിൽ സമ്മേളിക്കുന്നത് അഭിമാനാർഹമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ഹജ്ജ് കർമം നിർവഹിക്കുന്നതിന് 1300 സ്ത്രീകൾക്ക് അനുമതി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ബന്ധുക്കളുടെ തുണയില്ലാതെ ഹജ്ജ് നിർവഹിക്കാൻ സ്ത്രീകൾക്ക് അനുമതിയില്ലെന്ന നിയമം മാറ്റിയിട്ടുണ്ട്. ഇത്തരത്തിൽ അപേക്ഷ നൽകിയ 1300 പേരുടെ അപേക്ഷ സർക്കാർ സ്വീകരിച്ചു. ആൺതുണയില്ലാതെ സ്ത്രീകൾക്ക് ഹജ്ജ് നിർവഹിക്കാൻ കഴിയില്ലെന്നത് വിവേചനമാണെന്നും ഇൗ വർഷം മുതൽ അതിൽ മാറ്റം വരുത്തിയെന്നും മോദി അറിയിച്ചു.
പുതുവത്സര വേളയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസ നേർന്നു. 2018ന് പ്രത്യേകതയുണ്ട്. 21ാം നൂറ്റാണ്ടിൽ ജനിച്ചവർക്ക് ഇൗ വർഷം വോട്ടവകാശം കിട്ടിത്തുടങ്ങും.
ജാതീയത, വർഗീയത, ഭീകരവാദം, അഴിമതി എന്നിവയിൽനിന്ന് ഇന്ത്യയെ മുക്തമാക്കുന്നതിനെക്കുറിച്ച് യുവാക്കൾ ചിന്തിക്കണം. എല്ലാവർക്കും തുല്യ അവസരം ലഭിക്കുന്ന, എല്ലാവരുടെയും ആശയാഭിലാഷങ്ങൾ പൂർത്തീകരിക്കപ്പെടുന്ന രാജ്യമാകണം ഇന്ത്യ.
മോക് പാർലെമൻറ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തണം. ഒാരോ ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു യുവാവ് അതിൽ പെങ്കടുക്കണം. അഞ്ചു വർഷത്തിനുള്ളിൽ പുതിയ ഇന്ത്യ എങ്ങനെ സൃഷ്ടിക്കാമെന്ന് മോക് പാർലമെൻറ് ചർച്ച ചെയ്യണമെന്ന താൽപര്യവും മോദി മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.