ഗോവ മുഖ്യമന്ത്രിയായി പരീക്കർ തുടരും; മന്ത്രിസഭ അഴിച്ചു പണിയും
text_fieldsമുംബൈ: ഗോവയിൽ സർക്കാർ വീഴുമെന്ന പേടിയിൽ ഉപമുഖ്യമന്ത്രി, ഏകോപന സമിതി തുടങ്ങിയ നീക്കങ്ങളിൽനിന്ന് ബി.ജെ.പി നേതൃത്വം പിന്മാറി. ഡൽഹിയിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലിരുന്ന് മനോഹർ പരീകർ തന്നെ ഗോവ ഭരിക്കും. പരീകർ തന്നെ ഗോവ മന്ത്രിസഭയെ നയിക്കുമെന്ന് പാർട്ടി കോർ കമ്മിറ്റി ചർച്ചയിൽ തീരുമാനിച്ചതായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിൽ വ്യക്തമാക്കി. എന്നാൽ, മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പരീകർക്ക് പകരക്കാരനെയോ ഉപമുഖ്യമന്ത്രിയെയോ കണ്ടെത്താൻ ബി.ജെ.പി നേതൃത്വത്തിന് കഴിഞ്ഞില്ല. ഘടകകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയെയും ഗോവ ഫോർവേഡ് പാർട്ടിയെയും മൂന്ന് സ്വതന്ത്രന്മാരെയും മാത്രമല്ല പാർട്ടി എം.എൽ.എമാരെപ്പോലും അനുനയിപ്പിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ആശുപത്രിയിൽ ഇരുന്ന് പരീകർ ദൈനംദിന കാര്യങ്ങളിൽ ഇടപെടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്നുമാണ് പറയുന്നത്. എന്നാൽ, ഡൽഹിയിൽ ചെന്ന് പരീകറെ കാണാൻ ശ്രമിച്ച മന്ത്രിക്ക് അതിന് അനുമതി ലഭിച്ചില്ല. മാത്രമല്ല ആരോഗ്യ, ചികിത്സാ വിവരങ്ങളും നൽകിയില്ലെന്നാണ് ആരോപണം.
മന്ത്രിസഭ വികസനവും ബി.ജെ.പിക്ക് തലവേദനയാകുമെന്നാണ് സൂചന. നിലവിൽ പരീകറെ കൂടാതെ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് ഡിസൂസ, പാണ്ഡുരംഗ് മദകൈകർ എന്നിവരുടെ ആറു വകുപ്പുകളും താൽക്കാലികമായി വഹിക്കുന്നത് പരീകറാണ്. വകുപ്പുകൾ മറ്റു മന്ത്രിമാർക്ക് നൽകാനാണ് തീരുമാനം. ഫ്രാൻസിസിന് പകരം നിലവിൽ സഭ ഉപാധ്യക്ഷനായ മിഖായേൽ ലോബോയെയും പാണ്ഡുരംഗിന് പകരം നിലേഷ് കബ്രാളിനെയും മന്ത്രിമാരാക്കാനും ആലോചനയുണ്ട്. സഭ അധ്യക്ഷൻ പ്രമോദ് സാവന്തിനെ രാജിവെപ്പിച്ച് മന്ത്രിയാക്കാനും ശ്രമമുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വീണ്ടും സഭ അധ്യക്ഷെൻറ തെരഞ്ഞെടുപ്പ് പ്രതിസന്ധി രൂക്ഷമാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.