പരീക്കറുടെ സത്യപ്രതിജ്ഞ നാളെ; ജെയ്റ്റ്ലിക്ക് പ്രതിരോധവകുപ്പിന്‍റെ ചുമതല
text_fieldsന്യൂഡൽഹി: ഗോവ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മനോഹർ പരീക്കർ നാളെ സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ഇതിന് മുന്നോടിയായി കേന്ദ്രപ്രതിരോധമന്ത്രി സ്ഥാനം പരീക്കർ രാജിവെച്ചു. പരീക്കറുടെ രാജി രാഷ്ട്രപതി പ്രണബ് മുഖർജി സ്വീകരിച്ചു. പ്രതിരോധവകുപ്പിന്‍റെ അധിക ചുമതല ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് നൽകിയതായി രാഷ്ട്രപതി ഭവൻ അറിയിച്ചു.
സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് ബി.ജെ.പിക്ക് എട്ടുപേരുടെ പിന്തുണയാണ് വേണ്ടത്. പരീകര്‍ മുഖ്യമന്ത്രിയായാല്‍ 13 സീറ്റുകൾ നേടിയ ബി.ജെ.പിയെ പിന്തുണക്കാമെന്ന് മറ്റു കക്ഷികള്‍ വാഗ്ദാനം ചെയ്തിരുന്നു. 40 സീറ്റുകളുള്ള ഗോവയില്‍ പാര്‍ട്ടിയുടെ 13 എം.എല്‍.എമാരടക്കം 22 പേരുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
ഞായറാഴ്ച രാത്രി ബി.ജെ.പിയെ പിന്തുണക്കുന്ന എം.എല്‍.എമാര്‍ക്കും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ഒപ്പമെത്തി ഗവര്‍ണറെ കണ്ടാണ് പരീകര്‍ സർക്കാർ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചത്. വോട്ട് ശതമാനത്തില്‍ മുന്നിലാണെന്നത് ചൂണ്ടിക്കാട്ടി സര്‍ക്കാറുണ്ടാക്കുമെന്നും ആവശ്യമായ പിന്തുണയുണ്ടെന്നും പരീകര്‍ അവകാശപ്പെട്ടിരുന്നു. ഞായറാഴ്ച ചേര്‍ന്ന ബി.ജെ.പി നിയമസഭ കക്ഷി യോഗത്തില്‍ പരീകറെ നിയമസഭ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി എം.എല്‍.എമാര്‍ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം, 17 സീറ്റുകള്‍ നേടി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ തഴഞ്ഞ് ബി.ജെ.പിയെ ക്ഷണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൻഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ പണവും അധികാരവുമാണ് ഗോവയിൽ ജയിച്ചതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.