കർഷക പ്രക്ഷോഭം തുടരുന്ന സിംഘു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി
text_fieldsന്യൂഡല്‍ഹി: സിംഘുവിലെ കർഷക സമരവേദിക്ക് സമീപം യുവാവിനെ കൊന്ന് കൈകാലുകൾ ഛേദിച്ച് പൊലീസ് വെച്ച ബാരിക്കേഡിൽ കെട്ടിത്തൂക്കി. പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയിലെ ചീമ കലന്‍ സ്വദേശി 35കാരന്‍ ലഖ്ബീര്‍ സിങിനെയാണ് ഈ വിധത്തിൽ വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തിയത്.
സമരവേദിയിലെ ഗുരുദ്വാരക്കുള്ളില്‍ സൂക്ഷിച്ച വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് സിഖ് സമുദായത്തിലെ സായുധ വിഭാഗമായ നിഹാങ്കുകളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഹരിയാന കുണ്ട്ലി പൊലീസ് രണ്ട് പേരെ വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റു ചെയ്തു.
ലഖ്ബീർ സിങിനെ നിഹാങ്കുകള്‍ പിടുകൂടി ചോദ്യം ചെയ്യുന്നതിെൻറ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊലപ്പെടുത്തിയത് തങ്ങളാണെന്ന് നിഹാങ്കുകൾ അവകാശപ്പെടുന്ന വീഡിയോയും പുറത്തുവന്നു. സമരവേദിയിലെ ഗുരുദ്വാരക്കുള്ളിൽ പുലര്‍ച്ചെ മൂന്ന് മണിയോടെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയെന്നും വിശുദ്ധഗ്രന്ഥത്തെ അവഹേളിച്ചുവെന്ന് ബോധ്യമായതിനാല്‍ കൊലപ്പെടുത്തിയെന്നും വീഡിയോയില്‍ നിഹാങ്കുകൾ പറയുന്നുണ്ട്.
കൊലപാതകത്തെ അപലപിച്ച സംയുക്ത കിസാന്‍ മോര്‍ച്ച പൊലീസ് അന്വേഷണത്തിന് എല്ലാ സഹകരണവും ഉറപ്പു നൽകി. കൊല്ലപ്പെട്ട ലഖ്ബീര്‍ സിങിനെ കൊലപ്പെടുത്തിയവർക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ലെന്ന് സമര സമിതി അറിയിച്ചു. ഏതെങ്കിലും മത വിഭാഗത്തിെൻറ ഗ്രന്ഥത്തെയൊ ചിഹ്നങ്ങളെയോ അവഹേളിക്കുന്നതിന് തങ്ങൾ എതിരാണ്. എന്നാൽ, അതിെൻറ പേരിൽ ആർക്കും നിയമം കൈയിലെടുക്കാനുള്ള അവകാശമില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
കര്‍ഷക സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ ലഖ്ബീർ സിങ് അഞ്ചു ദിവസമായി ഒരു വിഭാഗത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് കർഷക സമര നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് തലേ രാത്രി വാക്കേറ്റമുണ്ടായിരുന്നു. ഒരുപക്ഷേ, ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.