മാനസരോവർ റോഡ് വിവാദം: നേപ്പാളിനു പിന്നിൽ മറ്റൊരുരാജ്യം -സൈനിക മേധാവി
text_fieldsന്യൂഡൽഹി: പുതിയ കൈലാസ് മാനസരോവർ റോഡിനെ കുറിച്ചുള്ള വിവാദത്തിന് നേപ്പാളിനെ പ്രേരിപ്പിക്കുന്നത് മറ്റൊരുരാജ്യമാണെന്ന് കരസേനാ മേധാവി മനോജ് നരവനെ. നേപ്പാൾ ഈ വിഷയം “മറ്റൊരാളുടെ നിർദേശപ്രകാരം” ഉന്നയിച്ചതാകാമെന്നാണ് ചൈനയുടെ പേരെടുത്ത് പറയാതെ മനോജ് നരവനെ ആരോപിച്ചത്.
മാനസരോവറിലേക്ക് പോകുന്ന ഇന്ത്യൻ തീർഥാടകരുടെ യാത്രാ സമയം കുറയ്ക്കുന്നതിനായി ലിപുലേഖ് വഴിയാണ് ഇന്ത്യ പുതിയ റോഡ് നിർമിച്ചത്. എന്നാൽ, തങ്ങളുടെ അതിർത്തി കൈയേറിയാണ് നിർമാണമെന്നാരോപിച്ച് നേപ്പാൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേപ്പാളിെൻറ മണ്ണിൽ ഇന്ത്യ എന്തെങ്കിലും നിർമാണ പ്രവർത്തനം നടത്തുന്നത് ഒഴിവാക്കണമെന്ന് അംബാസഡർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പുതിയ റോഡ് ഇന്ത്യയിൽ തന്നെയാെണന്നും അതിർത്തി കൈയേറിയിട്ടില്ലെന്നും കരസേന മേധാവി പറഞ്ഞു. “കാളി നദിയുടെ കിഴക്ക് പ്രദേശം തങ്ങളുടേതാണെന്നാണ് നേപ്പാൾ അംബാസഡർ പറഞ്ഞത്. അതിൽ ഒരു തർക്കവുമില്ല. നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇന്ത്യ റോഡ് നിർമ്മിച്ചത്. അവർ എന്തിനാണ് പ്രക്ഷോഭം നടത്തുന്നതെന്ന് എനിക്കറിയില്ല” -വെള്ളിയാഴ്ച വെബിനാറിൽ സംസാരിക്കവെ മനോജ് നരവനെ പറഞ്ഞു.
മുമ്പൊരിക്കലും ഇതിെൻറ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. മറ്റൊരു രാജ്യത്തിെൻറ നിർദേശപ്രകാരമാണ് നേപ്പാൾ ഇപ്പോൾ ആരോപണമുന്നയിക്കുന്നതെന്ന് വിശ്വസിക്കാൻ കാരണമുണ്ട്. അതിനാണ് വളരെയധികം സാധ്യത -അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഘടിയാബ്ഗറിൽനിന്ന് ലിപുലേഖിലേക്കാണ് 80 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റോഡ് ഇന്ത്യ നിർമിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ആഴ്ചയാണ് ഇത് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.