നടൻ വിവേകിന്‍റെ മരണം: അഭിപ്രായ പ്രകടനം വികാരത്തള്ളിച്ചയാലായിരുന്നുവെന്ന് മൻസൂർ അലി ഖാൻ
text_fieldsചെന്നൈ: നടൻ വിവേകിന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് കോവിഡ് വാക്സിനേഷനെതിരെ അഭിപ്രായ പ്രകടനം നടത്തിയത് വികാരത്തള്ളിച്ച കൊണ്ടായിരുന്നുവെന്ന് നടൻ മൻസൂർ അലി ഖാൻ. പൊതു സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ മൻസൂർ അലി ഖാൻ അറിയിച്ചു.
തമിഴ് സിനിമ നടൻ വിവേക് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുേമ്പാഴായിരുന്നു മൻസൂർ അലി ഖാന്‍റെ അഭിപ്രായ പ്രകടനം. കോവിഡ് വാകസിനെടുത്തതിനെ തുടർന്നാണ് നടൻ വിവേകിന് ഹൃദയാഘാതമുണ്ടായതെന്നായിരുന്നു മൻസൂർ അലി ഖാൻ പറഞ്ഞത്. കോവിഡ് എന്നൊന്ന് ഇല്ലെന്നും ടെസ്റ്റുകൾ നിർത്തിയാൽ ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ലെന്നും മൻസൂർ അലി ഖാൻ പറയുന്നുണ്ട്. 'ഇവിടെ ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ടവരില്ലേ? എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സിൻ എടുപ്പിക്കുന്നത്? കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? വിവേകിന് ഒരു കുഴപ്പവുമില്ലായിരുന്നു. കോവിഡ് വാക്സിൻ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നുണ്ട്- ഇവിടെ കോവിഡ് ഇല്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. പരിശോധന അവസാനിപ്പിക്കുന്ന ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല '- ഇങ്ങനെയായിരുന്നു മൻസൂർ അലി ഖാന്‍റെ പ്രസ്താവന.
മാധ്യമങ്ങളും മറ്റും ജനങ്ങളെ പേടിപ്പിക്കുകയാണെന്നും നടൻ ആരോപിച്ചിരുന്നു. താൻ മാസ്ക് ധരിക്കാറില്ലെന്നും തെരുവിൽ ഭിക്ഷക്കാർക്കൊപ്പവും തെരുവുനായകൾക്കൊപ്പവും കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നും എന്നിട്ടും തനിക്ക് ഒന്നും വന്നില്ലല്ലോയെന്നും മൻസൂർ അലിഖാൻ ചോദിച്ചിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ഇതിനെതിരെ ചെന്നൈ കോർപറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരനാണ് പൊലീസിൽ പരാതി നൽകിയത്. വടപളനി പൊലീസ് നടനെതിരെ കേസെടുക്കുകയും ചെയ്തു. പൊതു സമൂഹത്തിൽ ഭീതിയും പകർച്ച വ്യാധിയും പടർത്താൻ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
കേസിൽ മുൻകൂർ ജാമ്യം തേടി മൻസൂർ അലി ഖാൻ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടർന്നാണ് മദ്രാസ് ഹൈകോടതിയെ സമിപിച്ചത്. തന്‍റെ പ്രസ്താവന കാരണം ആരെങ്കിലും പൊതു താൽപര്യത്തിന് എതിരായി പ്രവർത്തിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നില്ലെന്നും മൻസൂർ അലി ഖാൻ ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ചൂണ്ടികാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.