മന്ത്രിക്കസേരയിൽ ചരട് ജപിച്ചുകെട്ടി ആരോഗ്യ മന്ത്രി; പഴയ ട്വീറ്റുകളുടെ പേരിൽ ട്രോൾമഴയും
text_fieldsന്യൂഡൽഹി: പുതിയ ആരോഗ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് മന്ത്രി കസേരയിൽ ചരട് ജപിച്ചുകെട്ടി മൻസുഖ് മാണ്ഡവ്യ. ഓഫിസിൽ പ്രത്യേക പൂജ നടത്തുന്നതിന്‍റെയും മന്ത്രി കസേരയിൽ ചരട് ജപിച്ചുകെട്ടുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രണ്ടാം കോവിഡ് തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യ സംവിധാനം സമ്മർദത്തിലാകുകയും മരണങ്ങള്‍ തുടർക്കഥയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡോ. ഹർഷ് വർധനെ മാറ്റി മൻസുഖിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ മന്ത്രിയാക്കിയത് അപ്രതീക്ഷിത നീക്കം ആയിരുന്നു.
അതിനിടെ, മൻസുഖ് മാണ്ഡവ്യയുടെ പഴയ ട്വീറ്റുകളിലെ അബദ്ധങ്ങൾ കുത്തിപ്പൊക്കിയുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അദ്ദേഹത്തിന്‍റെ 2013 മുതലുള്ള ചില ട്വീറ്റുകളിലാണ് അബദ്ധങ്ങൾ കടന്നുകൂടിയത്. 'മഹാത്മഗാന്ധി വാസ് അവർ നേഷൻ ഓഫ് ഫാദർ', 'ഹാപ്പി ഇൻഡിപീഡിയന്‍റ് ഡേ' തുടങ്ങിയ ട്വീറ്റുകളാണ് പ്രചരിക്കുന്നത്. മാണ്ഡവ്യയുടെ ഭാഷയിൽ പറഞ്ഞാൽ അദ്ദേഹം ഹെൽത്ത് മിനിസ്റ്റർ അല്ല, ഹെൽത്ത് ഓഫ് മിനിസ്റ്റർ ആണെന്നൊക്കെയാണ് ട്രോളുകളിൽ പറയുന്നത്. 2014ലെ ട്വീറ്റിൽ മഹാത്മഗാന്ധിയുടെ കൊച്ചുമകനാണ് രാഹുൽ ഗാന്ധിയെന്ന് മാണ്ഡവ്യ സൂചിപ്പിച്ചതും ചിലർ കുത്തിപ്പൊക്കിയിട്ടുണ്ട്.
അതേസമയം, കേന്ദ്രമന്ത്രി സഭയിൽ രാസവളം സഹമന്ത്രി ആയിരുന്ന, ഗുജറാത്തിൽ നിന്നുള്ള മാണ്ഡവ്യ വകുപ്പിനെക്കുറിച്ച് വ്യക്തമായി പഠിച്ചു തന്നെയാണ് സ്ഥാനം ഏറ്റെടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം രാജ്യത്തെ പ്രമുഖ വാക്സിൻ നിർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചതാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്നുള്ള 49 വയസ്സുകാരനായ മൻസുഖ് അമിത് ഷായുടെ വിശ്വസ്‍തനാണ്. ഇടക്ക് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ മൻസുഖിന്‍റെ പേര് ഉയർന്നുവന്നിരുന്നു. ഗുജറാത്ത് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വെറ്ററിനറി സയൻസ് ബിരുദവും പൊളിറ്റിക്കല്‍ സയൻസസ് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ആര്‍.എസ്‍.എസിലൂടെ വളര്‍ന്ന മാണ്ഡവ്യ 2002ല്‍ 30-ാം വയസ്സില്‍ എം.എല്‍.എയായി. 2010ല്‍ ഗുജറാത്ത് ആഗ്രോ ഇൻഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി. 2012ലും 2018ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ല്‍ മോദി സര്‍ക്കാറില്‍ ഗതാഗതം, ഷിപ്പിങ്, രാസവളം സഹമന്ത്രിയായി. 2019 മെയ് മാസം സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി പ്രവർത്തിച്ചുവരികെയാണ് ഇപ്പോൾ ആരോഗ്യ മന്ത്രിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.