ബ്ലാക്ക് ഫംഗസിൻെറ വ്യാജ മരുന്നുകൾ നിർമിച്ച് വിൽപ്പന; ഡോക്ടർമാരടക്കം ഏഴുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി കുത്തിവെപ്പുകൾ വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്ത രണ്ട് ഡോക്ടർമാരെയടക്കം ഏഴുപേരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിസാമുദ്ദീനിലുള്ള ഡോ. അൽതമാസ് ഹുസൈൻ എന്നയാളുടെ വീട്ടിൽനിന്ന് 3,293 വ്യാജ കുത്തിവെപ്പുകളും കണ്ടെടുത്തായി പൊലീസ് അറിയിച്ചു.
ബ്ലാക്ക് ഫംഗസ് എന്നും അറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസിനെ ചികിത്സിക്കാനാണ് ആംഫോട്ടെറിസിൻ-ബി ഉപയോഗിക്കുന്നത്. മൂക്ക്, കണ്ണുകൾ, വായ, തലച്ചോറ് എന്നിവയെയല്ലാം ഈ രോഗം ബാധിക്കുന്നു. പ്രമേഹം, കാൻസർ, എച്ച്.ഐ.വി തുടങ്ങിയ അസുഖങ്ങൾ ബാധിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കാണ് ഇത് ഭീഷണിയാകുന്നത്. കോവിഡ് ഭേദമാകുന്നവരിലാണ് ഈ രോഗം ഇപ്പോൾ കൂടുതൽ കാണുന്നത്.
ഇവർക്കായുള്ള ലിപോസോമൽ ആംഫോട്ടെറിസിൻ -ബി കുത്തിവവെപ്പ് നിർമിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ മാസം അഞ്ച് കമ്പനികൾക്ക് ലൈസൻസ് നൽകിയിരുന്നു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നതാണ് മ്യൂക്കോമൈക്കോസിസ് ഉണ്ടാകാൻ കാരണമെന്ന് വിദഗ്ധർ കരുതുന്നു.
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ 150 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. മണ്ണ്, സസ്യങ്ങൾ, വളം, ചീഞ്ഞളിഞ്ഞ പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന മ്യൂക്കോർ പൂപ്പലാണ് ഈ അപൂർവമായ അണുബാധ ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.