ദലിത്, സ്ത്രീവിരുദ്ധ പരാമർശങ്ങളുണ്ടെന്ന്; മനുസ്മൃതി പുനർവ്യാഖ്യാനിക്കാൻ ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: മനുസ്മൃതി ഉൾപ്പെടെ ഹിന്ദു വേദഗ്രന്ഥങ്ങൾ ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന പ്രചാരണം തിരുത്താൻ പുനർവ്യാഖ്യാനനീക്കവുമായി ആർ.എസ്.എസ് സാംസ്കാരിക വിഭാഗം സൻസ്കാർ ഭാരതി. കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് കലാ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചും ബോധവത്കരണ പരിപാടികൾ നടത്തിയും പുതിയ അവബോധം നൽകുകയാണ് ലക്ഷ്യമെന്ന് സംഘടന ജോയൻറ് സെക്രട്ടറി ആമിർ ചന്ദ് പറഞ്ഞു.
ദളിത്, സ്ത്രീ വിഭാഗങ്ങൾക്കെതിരെയാണെന്നു വരുത്താൻ ഉദ്ധരിക്കപ്പെടുന്ന ഭാഗങ്ങൾ മനുസ്മൃതിയിൽ നിന്ന് നീക്കം ചെയ്യപ്പെടണം. ആ ഭാഗങ്ങളോട് സംഘടനക്ക് യോജിപ്പില്ല. മനുസ്മൃതിയെ ഇന്നത്തെ പശ്ചാത്തലത്തിൽ കാണാൻ സാധ്യമാക്കുന്നതിന് കേന്ദ്രത്തോട് നിർദേശിക്കുമെന്നും ചന്ദ് പറഞ്ഞു. എന്നാൽ, അത്തരം നിർദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ പരിഗണിക്കുമെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ പറഞ്ഞു.
മനുസ്മൃതിയെക്കുറിച്ച് പുതിയ ഗവേഷണം ആവശ്യമാണെന്നാണ് ചന്ദിെൻറ പക്ഷം. മനു 8000 വർഷം മുമ്പ് ജീവിച്ചുവെന്നാണ് കരുതുന്നത്. അദ്ദേഹത്തിെൻറ ജനനത്തിന് 5,500 വർഷങ്ങൾക്കു ശേഷമാണ് മനുസ്മൃതി സമാഹരിക്കപ്പെടുന്നത്. വിഷയത്തിൽ പുതിയ ഗവേഷണം ആവശ്യമാണ്- ചന്ദ് പറഞ്ഞു. ഹിന്ദുവേദഗ്രന്ഥങ്ങൾ ഒരിക്കലും ദലിത് വിരുദ്ധമോ സ്ത്രീവിരുദ്ധമോ അല്ല. അത്തരം ആരോപണങ്ങൾ തെറ്റായ വ്യാഖ്യാനങ്ങളുടെ സൃഷ്ടിയാണ്. ഋഗ്വേദത്തിലെ 47 സൂക്തങ്ങൾ എഴുതിയത് ഒരു വനിതയാണെന്ന് പലർക്കുമറിയില്ല. അത്തരം വേദങ്ങൾ എങ്ങനെ സ്ത്രീ വിരുദ്ധമാകുമെന്നും ചന്ദ് ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.