ഗുജറാത്തിലെ ബി.ജെ.പി പ്രവർത്തകർ എ.എ.പിയെ രഹസ്യമായി പിന്തുണക്കുന്നു -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ ധാരാളം ബി.ജെ.പി പ്രവർത്തകരും നേതാക്കളും എ.എ.പിയെ രഹസ്യമായി പിന്തുണക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പാർട്ടിയെ തോൽപ്പിക്കാനാഗ്രഹിക്കുന്ന ബി.ജെ.പി നേതാക്കളോടും പ്രവർത്തകരോടും രഹസ്യമായി എ.എ.പിക്കുവേണ്ടി പ്രവർത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. വൽസാദ് ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിംസബറിൽ നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന എതിരാളിയായി നിലയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ.എ.പി രംഗത്തെത്തിയിരിക്കുന്നത്.
'ധാരാളം ബി.ജെ.പി നേതാക്കളും പ്രവർത്തകരും എന്നെ രഹസ്യമായി കാണുകയും ഭരണകക്ഷിയെ തോൽപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ പാർട്ടിയെ തോൽപ്പിക്കാനാഗ്രഹിക്കുന്ന ബി.ജെ.പി നേതാക്കളോടും പ്രവർത്തകരോടും എനിക്ക് പറയാനുള്ളത് രഹസ്യമായി എ.എ.പിക്കുവേണ്ടി പ്രവർത്തിക്കുക എന്നതാണ്.' -അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിൽ എ.എ.പി അധികാരത്തിലെത്തിയാൽ അഴിമതി അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തകരോട് ആശങ്കപ്പെടേണ്ടെന്നും പാർട്ടി വിട്ട് എ.എ.പിയിൽ ചേരാനും അദ്ദേഹം പറഞ്ഞു.
തനിക്ക് ഭഗവാൻ കൃഷ്ണന്‍റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. കംസന്‍റെ പിൻഗാമികളെ അവസാനിപ്പിക്കുക എന്ന ദൗത്യത്തോടെയാണ് തന്നെ അയച്ചിരിക്കുന്നത്. പൊതുജനങ്ങളാണ് ദൈവം. എന്നെ ദൈവം ഏൽപ്പിച്ച ദൗത്യം നിർവഹിക്കാൻ സഹായിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. കെജ്രിവാളിനെ 'ഹിന്ദു വിരുദ്ധൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബാനറുകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.