മുംബൈയിൽ പരസ്യ ബോർഡ് തകർന്നുവീണ് അപകടം; മരണം 14 ആയി, 60 പേർക്ക് പരിക്ക്
text_fieldsമുംബൈ: പൊടിക്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നുവീണ് ഉണ്ടായ അപകടത്തിൽ മരണം 14 ആയി. സംഭവത്തിൽ 60 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ഘാട്കൂപ്പറിലെ പാന്ത്നഗറിലുള്ള പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടിരുന്നു.
അപകടത്തിന് കാരണമായ ബോർഡ് അനധികൃതമായി സ്ഥാപിച്ചതാണെന്നാണ് പ്രാഥമിക വിവരം. ബോർഡ് സ്ഥാപിച്ച പരസ്യ കമ്പനിക്കെതിരെ പരാതി നൽകുമെന്ന് മുംബൈ നഗരസഭ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ അപ്രതീക്ഷിതമായി പൊടിക്കാറ്റും മഴയും ഉണ്ടാവുകയായിരുന്നു. മുംബൈ, താണെ മേഖലയിലാണ് മഴയും ശക്തമായ പൊടിക്കാറ്റുമുണ്ടായത്.
പൊടിക്കാറ്റിനെ തുടർന്ന് മുംബൈ നഗരത്തിലെ ഗതാഗതം താറുമാറായി. മരം കടപുഴകി വീണത് റോഡുകളിൽ തടസം സൃഷ്ടിച്ചു. മെട്രോ നെറ്റ്‍വർക്കിന്‍റെ ഒരു ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഭാഗികമായി റദ്ദാക്കി. താൽക്കാലികമായി നിർത്തിവെച്ച വിമാനത്താവളത്തിലെ സേവനം വൈകീട്ട് അഞ്ച് മണിക്കു ശേഷം പുനരാരംഭിച്ചു. പൊടിക്കാറ്റിനു പിന്നാലെയെത്തിയ മഴ സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായെങ്കിലും പലയിടത്തും വൈദ്യുതി മുടക്കത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.