'അവരെ കണ്ടിട്ട് കർഷകരെന്ന് തോന്നുന്നില്ല'- കർഷക സമരക്കാർക്കെതിരെ കേന്ദ്രമന്ത്രി വി.കെ സിങ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആയിരങ്ങളെ കർഷകരെ പോലെ തോന്നിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്.
'ഈ ചിത്രങ്ങളിൽ കാണുന്ന അധികം ആളുകളെയും കർഷകരായി തോന്നുന്നില്ല. അവർ കർഷകരുടെ താൽപര്യത്തിന് എന്താണ് ചെയ്തത്. കർഷകർക്കല്ല മറിച്ച് മറ്റ് ചിലർക്കാണ് കാർഷിക നിയമത്തിൽ കുഴപ്പങ്ങളുള്ളത്. കമീഷൻ പറ്റുന്ന പ്രതിപക്ഷമാണ് പ്രതിഷേധങ്ങൾക്ക് പിറകിൽ' - വി.കെ. സിങ് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ബി.ജെ.പിയുടെ സൈബർ സംഘങ്ങളും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അടക്കമുള്ള ബി.ജെ.പി നേതാക്കളും ഇത്തരത്തിൽ പ്രസ്താവനകളുമായി രംഗത്ത് വന്നിരുന്നു. ഖലിസ്ഥാനികളും മാവോയിസ്റ്റുകളുമാണ് കർഷക സമരങ്ങൾക്ക് പിന്നിലെന്നായിരുന്നു ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയുടെ പ്രസ്താവന.
വി.കെ. സിങ്ങിൻെറ പ്രസ്താവനക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തുവന്നു. കർഷകരാണെന്ന് തെളിയിക്കാൻ സമരക്കാർ നിലം കാളപ്പൂട്ട് യന്ത്രവും കലപ്പയും കൊണ്ടു വരണമോയെന്നാണ് ആപ് ചോദിച്ചത്. ഡൽഹിയിയെ കത്തിക്കാൻ കുടപിടിക്കുന്നുവെന്ന് ആരോപിച്ച് ആപിനെതിരെയും മാളവ്യ രംഗത്തെത്തിയിരുന്നു. ഹരിയാനയിൽ നിന്നുള്ള ഒരു കർഷകൻ പോലും സമരത്തിനില്ലെന്ന് പറഞ്ഞ ഖട്ടർ സമരത്തെ പിന്തുണക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി കൊമ്പുകോർക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നടക്കം നൂറുകണക്കിന് കർഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമാക്കി മാർച്ച് ചെയ്തത്. എന്നാൽ സമാധാനപരമായി സമരം ചെയ്യുന്ന കർഷകർക്കെതിരെ ലാത്തിച്ചാർജ് ചെയ്യുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്യുകയാണ് അധികാരികൾ. ചൊവ്വാഴ്ച വൈകീട്ട് കേന്ദ്ര സർക്കാർ പ്രതിനിധികളുമായി കർഷക സംഘടനകൾ നടത്തിയ ചർച്ച ഫലം കണ്ടിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.