'പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായി കണക്കാക്കുന്നില്ല' ഡൽഹി കൂട്ടബലാത്സംഗത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മുഖത്ത് കരിപൂശി, മൊട്ടയടിച്ച് അയൽക്കാർ തെരുവിലൂടെ നടത്തിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. പല ഇന്ത്യക്കാരും സ്ത്രീകളെ ഇപ്പോഴും മനുഷ്യരായി കണക്കാക്കുന്നില്ല. ഇരുപത് വയസ്സുള്ള ഒരുപെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന വിഡിയോ നമ്മുടെ സമൂഹത്തിന്റെ വികൃതമായ മുഖമാണ് തുറന്നുകാട്ടുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
സ്ത്രീകളെ മനുഷ്യരായി ഇപ്പോഴും കണക്കാക്കുന്നതില്ലെന്നത് കയ്പുള്ള സത്യമാണെന്നും എന്നാൽ ഇത് തിരിച്ചറിയുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ കേസിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി നവംബർ മുതൽ തന്നെ തുടർച്ചയായി വേട്ടയാടപ്പെട്ടിരുന്നെന്ന് കഴിഞ്ഞദിവസം യുവതിയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. അയൽപക്കത്തുള്ള യുവാവിന്‍റെ പ്രണയം യുവതി നിരസിച്ചതിനെ തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്തതാണ് പ്രശ്നങ്ങൾ ആരംഭിക്കാന്‍ കാരണമായത്. യുവാവ് ആത്മഹത്യ ചെയ്തതിന് യുവതിയോട് പ്രതികാരം ചെയ്യുകയായിരുന്നു ഇയാളുടെ കുടുംബമെന്നും സഹോദരി പറഞ്ഞു.
സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ നടപടി ആവശ്യപ്പെട്ട് പൊലീസിന് കത്തയച്ചിട്ടുണ്ടെന്ന് ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ നേരത്തെ ട്വിറ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ വഴി കേസിനെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.
സംഭവത്തെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതായും യുവതി ആത്മഹത്യ ചെയ്തുവെന്ന രീതിയിൽ ചിലർ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. യുവതി സുരക്ഷിതയാണെന്നും അവൾക്ക് സാധ്യമായ എല്ലാ സഹായവും കൗൺസിലിങ്ങും നൽകുന്നുണ്ടെന്നും ഷഹ്ദര മേഖലയിലെ ഡെപ്യൂട്ടി പോലീസ് കമീഷണറായ ആർ സത്യസുന്ദരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.