ദുരഭിമാന കൊല: രാജ്യത്ത് ഓരോ വർഷവും മരിക്കുന്നത് നൂറുകണക്കിന് പേർ -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
text_fieldsന്യൂഡല്‍ഹി: വീട്ടുകാരുടെ താൽപര്യങ്ങള്‍ക്ക് വിരുദ്ധമായും ജാതി മാറിയും വിവാഹം കഴിച്ചതിന്റെ പേരിലുള്ള ദുരഭിമാന കൊല കാരണം രാജ്യത്ത് നൂറുകണക്കിന് പേരാണ് ഓരോ വർഷവും കൊല്ലപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. 'നിയമവും സദാചാരവും' എന്ന വിഷയത്തില്‍ മുംബൈയില്‍ ബോംബെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'തങ്ങളുടെ ജാതിക്ക് പുറത്ത് വിവാഹം കഴിച്ചതിനും പ്രണയിച്ചതിനും കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പേരില്‍ നൂറകണക്കിന് പേരാണ് രാജ്യത്ത് കൊല്ലപ്പെടുന്നത്. ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ അംഗങ്ങൾക്ക് അതിജീവനത്തിനായി ഭൂരിപക്ഷ സംസ്കാരത്തിന് കീഴടങ്ങുകയല്ലാതെ മറ്റ് മാർഗമില്ല. അടിച്ചമർത്തുന്ന വിഭാഗത്തിൽനിന്നുള്ള അപമാനം ഭയന്ന് സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഒരു വിരുദ്ധ സംസ്കാരം സൃഷ്ടിക്കാൻ കഴിയുന്നില്ല. ദുർബല വിഭാഗങ്ങൾ എതിർ സംസ്കാരം വികസിപ്പിച്ചെടുത്താൽ തന്നെ, സർക്കാർ ഗ്രൂപ്പുകൾ അവരെ കൂടുതൽ അടിച്ചമർത്തി പിന്നെയും പാർശ്വവത്കരിക്കുന്നു' -ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നടന്ന ഒരു ദുരഭിമാന കൊല അദ്ദേഹം ഉദ്ധരിച്ചു. ഗ്രാമീണര്‍ ഈ കൊലപാതകം ന്യായവും നീതിയുമാണെന്നാണ് കരുതിയത്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. അപ്പോള്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റ ചട്ടം തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യയിലെ സ്വവർഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയും പ്രസംഗത്തിനിടെ ചീഫ് ജസ്റ്റിസ് ഉയർത്തിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.