'കോൺഗ്രസ്, സി.പി.എം, ടി.എം.സി പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നു' -വിജയവർഗിയ
text_fieldsഇൻഡോർ: കോൺഗ്രസ്, സി.പി.എം, ടി.എം.സി പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. തൃണമൂൽ എം.പി സൗഗത റോയ് ഉൾപ്പെടെ അഞ്ചു നേതാക്കൾ ബി.ജെ.പിയിലെത്തുമെന്ന ബി.ജെ.പി എം.പി അർജുൻ സിംഗിന്‍റെ പ്രസ്താവനയെ ശരിവെച്ചാണ് വിജയവർഗിയയുടെ പ്രതികരണം.
'തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വതന്ത്രമായി പോരാടും, കോൺഗ്രസ്, സി.പി.എം, ടി.എം.സി എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി നേതാക്കൾ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നത് ശരിയാണ്, അവരുടെ കഴിവിനനുസരിച്ച് ഞങ്ങൾ അവരെ ഉൾക്കൊള്ളും' വിജയവർഗിയ പറഞ്ഞു.
'സൗഗത റോയ് മമത ബാനർജിയുടെ അനുയായിയായി കാമറക്കു മുമ്പിൽ അഭിനയിക്കുകയാണ്. മമതയുമായി ഇടഞ്ഞ സുവേന്ദു അധികാരിയുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. കാമറ മാറ്റുമ്പോൾ നിങ്ങൾക്ക് സൗഗത റോയിയുടെ പേരും വിമതരുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവരുമെന്നാണ് അർജുൻ സിങ് പറഞ്ഞത്. സുവേന്ദു അധികാരിക്ക് എപ്പോൾ വേണമെങ്കിലും ബി.ജെ.പിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അർജുൻ സിംഗ് മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണെന്ന് സൗഗത റോയ് തിരിച്ചടിച്ചു. വ്യാജവാർത്ത പരത്തുന്ന ബി.ജെ.പി തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം കിട രാഷട്രീയം കളിക്കുന്നത് ആരെന്ന് കാലം തെളിയിക്കുമെന്ന് സൗഗതക്ക് മറുപടിയായി വിജയവർഗിയയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.