കോർപറേഷൻ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പലരുടേയും പേരില്ല, ഗൂഢാലോചന നടന്നെന്ന് മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ തെരഞ്ഞെടുപ്പിൽ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വോട്ടർ പട്ടികയിൽ പല പേരുകളും ഇല്ലെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും സിസോദിയ അറിയിച്ചു.
'വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ആളുകൾ രോഷാകുലരാണ്. ഞാൻ ഗൂഢാലോചനക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും' -സിസോദിയ പറഞ്ഞു.
നേരത്തെ, വോട്ടർ പട്ടികയിൽ തന്‍റെ പേരില്ലെന്ന പരാതിയുമായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി രംഗത്തെത്തിയിരുന്നു. വോട്ടർ പട്ടികയിലോ പേര് നീക്കം ചെയ്തവരുടെ ലിസ്റ്റിലോ തന്‍റെ പേരില്ലെന്ന് അനിൽ ചൗധരി പറഞ്ഞു. ഇതിനു പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ആം ആദ്മി, ബി.ജെ.പി, കോൺഗ്രസ് പാർട്ടികൾ തമ്മിലാണ് മത്സരം. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പും ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പും ഒരേസമയം വെച്ചത് ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എ.എ.പി നേതാക്കളെ പ്രചാരണത്തിനെത്തുന്നതിൽ നിന്ന് തടയുന്നതിനായാണ് രണ്ട് തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്തുന്നതെന്നാരോപിച്ച് എ.എ.പിയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.