മാവോവാദി ആക്രമണം: ബസ്തറിൽ അതീവ ജാഗ്രത
text_fieldsദണ്ഡേവാഡ: മാവോവാദി ആക്രമണത്തിൽ പത്ത് പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ബസ്തർ മേഖലയിൽ സുരക്ഷ ശക്തമാക്കി. കുഴിബോംബുകൾ കണ്ടെത്താനും വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അതീവ ജാഗ്രത പുലർത്താനും നിർദേശമുണ്ട്. മാവോവാദികളുടെ ഭീഷണിയുള്ള കാങ്കർ, കൊണ്ഡാഗാവ്, നാരായൺപുർ, ബസ്തർ, ദണ്ഡേവാഡ, സുക്മ, ബിജാപുർ എന്നീ ജില്ലകളാണ് ബസ്തർ മേഖലയിലുള്ളത്.
എല്ലാ എസ്.പിമാർക്കും ജാഗ്രത നിർദേശം നൽകിയതായി ഐ.ജി പി. സുന്ദർരാജ് പറഞ്ഞു. വേനൽക്കാലത്ത് മാവോവാദികൾ തിരിച്ചടിക്കാനുള്ള പരിശീലനവും മറ്റും നടത്തുന്നത് പതിവാണ്. ഈ സമയങ്ങളിൽ ആക്രമണവും വർധിക്കാറുണ്ട്.
മരിച്ചവർക്ക് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ അന്തിമോപചാരമർപ്പിച്ചു. അരാൻപുർ പൊലീസ് സ്റ്റേഷനിലെ പത്ത് പൊലീസുകാരും ഒരു ഡ്രൈവറുമാണ് ബുധനാഴ്ച നടന്ന ആക്രമണത്തിൽ മരിച്ചത്.
രണ്ട് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ മാവോവാദി ആക്രമണമാണിത്. ജില്ല റിസർവ് ഗാർഡിലെ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. കീഴടങ്ങിയ മാവോവാദികളും ആദിവാസി യുവാക്കളുമാണ് ജില്ല റിസർവ് ഗാർഡിൽ ജോലിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.