മാവോവാദി വേട്ട: അബൂജ്മഡിൽ ആരുടെ താൽപര്യം?
text_fieldsമഹാരാഷ്ട്രയിലെ ഗഡ്ചിറോളി, ഗോണ്ടിയ, ഛത്തിസ്ഗഢിലെ ഖൈറാഗഢ്, ഛൂയ്ഖഡൻ, ഗണ്ടയ്, ബീജാപുർ, സുക്മ, ബസ്തർ, ദണ്ഡേവാഡ തുടങ്ങിയവയാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മാവോവാദി കേന്ദ്രമായി അറിയപ്പെടുന്നത്. ഇതിൽ ബീജാപുർ, ദണ്ഡേവാഡ, നാരായൺപുർ എന്നീ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന അബൂജ്മഡ് എന്ന വനമേഖലയിൽ മാവോവാദികൾ തമ്പടിച്ചിരിക്കുന്നുവെന്നാണ് സർക്കാറിന്റെ അവകാശവാദം. കഴിഞ്ഞ മാസം ഈ മേഖല സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്തെ മാവോവാദി സാന്നിധ്യത്തിന് അടുത്ത മാർച്ചോടെ അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായതും ഇതേ വനമേഖലയിലാണ്. 4000ത്തിൽപരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനമേഖല മഹാരാഷ്ട്ര-ഛത്തിസ്ഗഢ് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
രണ്ടായിരത്തിലധികം കുടുംബങ്ങളിലായി പതിനായിരത്തോളം പേർ താമസിക്കുന്ന ഇവിടെ ഒരു സൈനിക കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 2017ൽ പ്രഖ്യാപിച്ച ഈ നിലയത്തിനായി അര ലക്ഷം ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇത്രയും കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുവേണം ഈ പദ്ധതി നടപ്പാക്കാൻ. സ്വാതന്ത്ര്യാനന്തരം സർവേ നടക്കാത്ത ഇന്ത്യയിലെ ഏക വനഭൂമിയും ഇതാണ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പ്രക്ഷോഭങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഈ സമരങ്ങൾക്ക് പിന്നിലും മാവോവാദികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ, കേന്ദ്രത്തിന്റെ മാവോവാദി വേട്ടക്കു പിന്നിൽ ഇങ്ങനെയൊരു താൽപര്യമുള്ളതായും പറയപ്പെടുന്നു. അതേസമയം, കൃത്യമായ നഷ്ടപരിഹാരം നൽകിയാകും ഭൂമി ഏറ്റെടുക്കുക എന്നതാണ് സർക്കാർ വാദം. വനപ്രദേശത്തിന്റെ വലിയൊരു ഭാഗം മാവോവാദികളുടെ അധീനതയിലാണെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.