മാവോവാദി രവിയും കീഴടങ്ങി; ലക്ഷ്മി കീഴടങ്ങുക ഞായറാഴ്ച
text_fieldsമംഗളൂരു: ഒന്നരപതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞ് മാവോവാദി പ്രവർത്തനത്തിൽ സജീവമായി ഇടപെട്ടിരുന്ന കർണാടക ചിക്കമഗളൂരു ശൃംഗേരി സ്വദേശി കോട്ടേഹോണ്ട രവീന്ദ്ര (44) സർക്കാറിൽ കീഴടങ്ങി. ഫോറം ഫോർ സിവിൽ പീസ് അംഗങ്ങൾക്കൊപ്പം ശനിയാഴ്ച ഉച്ചയോടെ ചിക്കമഗളൂരു ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിൽ എത്തിയ രവീന്ദ്ര ജില്ല ഡെപ്യൂട്ടി കമീഷണർ സി.എൻ. മീന നാഗരാജിന്റെ സാന്നിധ്യത്തിൽ കീഴടങ്ങുകയായിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട് ഡോ. വിക്രം, മാവോവാദി കീഴടങ്ങൽ-പുനരധിവാസ സമിതി അംഗം കെ.പി. ശ്രീപാൽ, നൂർ ശ്രീധർ തുടങ്ങിയവരും പങ്കെടുത്തു.
ഒരു സമ്മർദവുമില്ലാതെയാണ് താൻ സ്വമേധയാ മുഖ്യധാരയിലേക്ക് വന്നതെന്ന് രവീന്ദ്ര പറഞ്ഞു. ഗതാഗത സൗകര്യങ്ങൾ, ഭൂരഹിതർക്ക് ഭൂമി, വനവിഭവ ശേഖരണത്തിലെ വിലക്ക് നീക്കൽ തുടങ്ങി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
രവീന്ദ്രക്കെതിരെ ചിക്കമഗളൂരു ജില്ലയിൽ 14 കേസുകളുണ്ട്. ഈ കേസുകളുടെ നിയമപരമായ നടപടികൾ തുടരും. മാവോവാദികളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുള്ള പാക്കേജിൽ രവീന്ദ്രക്ക് ഏഴരലക്ഷം രൂപ ലഭിക്കും. മൂന്ന് ലക്ഷം ഉടനെയും ശേഷിക്കുന്ന തുക നടപടികൾ പൂർത്തിയാവുന്ന മുറക്കുമാണ് കൈമാറുകയെന്ന് അധികൃതർ അറിയിച്ചു.
കീഴടങ്ങൽ ഔദ്യോഗികമായി ശനിയാഴ്ചയാണ് നടന്നതെങ്കിലും വെള്ളിയാഴ്ച രാത്രി ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരിയിൽനിന്ന് നാല് കിലോമീറ്റർ അകലെ നെമ്മാർ വനം ഇൻസ്പെക്ഷൻ ബംഗ്ലാവിൽ രവീന്ദ്രയെ താമസിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം ആറു മാവോവാദികൾ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മുമ്പാകെ കീഴടങ്ങിയശേഷവും ശൃംഗേരിക്ക് സമീപം കിഗ്ഗയിൽനിന്നുള്ള കൊട്ടേഹോണ്ട രവി ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ മാവോവാദി നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
മാവോവാദി കീഴടക്കൽ ദൗത്യസമിതി അംഗം കെ.പി.ശ്രീപാൽ രവിയുമായി സംസാരിക്കുന്നു.
വയനാട്ടിൽ സജീവമായിരുന്ന എട്ടു മാവോവാദികളുടെ സംഘത്തിൽനിന്ന് കൊട്ടേഹോണ്ട രവി വേർപിരിഞ്ഞ് ഒരുവർഷം മുമ്പ് കർണാടകയിലേക്ക് മാറിയശേഷം കണ്ടെത്താനായിരുന്നില്ല.
മാവോവാദിരഹിത കർണാടക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
ദീർഘകാലമായി ഒളിവിൽ കഴിയുന്ന തോമ്പാട്ട് ലക്ഷ്മി ഞായറാഴ്ച ചിക്കമഗളൂരുവിലോ ഉഡുപ്പിയിലോ കീഴടങ്ങുമെന്നാണ് വിവരം.
‘നക്സൽ കീഴടങ്ങൽ’ ഓപറേഷൻ പൂർത്തിയായതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ നക്സൽ വിമുക്തമാക്കാൻ അക്ഷീണം പ്രയത്നിച്ച 22 പൊലീസ് ഉദ്യോഗസ്ഥർക്കും സംഘത്തിനും മുഖ്യമന്ത്രിയുടെ മെഡൽ പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം എട്ടിന് മാവോവാദികൾ കീഴടങ്ങിയപ്പോൾ ബംഗളൂരുവിൽ റോസാപ്പൂക്കളും ഭരണഘടനയുടെ പകർപ്പുകളും കൈമാറിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അവരെ മുഖ്യധാരയിലേക്ക് സ്വാഗതം ചെയ്തത്.
ആറു മാവോവാദികൾ ആയുധം താഴെയിട്ടതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കർണാടകയെ ഇടതുപക്ഷ തീവ്രവാദരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു.
ശൃംഗേരി വനജാക്ഷി മുണ്ടഗരുവിലെ മുണ്ടഗരു ലത, മംഗളൂരുവിനടുത്ത് കുട്ലൂരിലെ സുന്ദരി, റയ്ച്ചൂരിലെ മാരപ്പ ജയണ്ണ അരോളി, തമിഴ്നാട് സ്വദേശി വസന്ത എന്ന രമേശ്, വയനാട് സ്വദേശിനി എൻ. ജീഷ എന്നിവരാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ കീഴടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.