മാവോവാദി നേതാവ് സാമ്രാട്ട് ചക്രവർത്തിയെ എൻ.െഎ.എ അറസ്റ്റു ചെയ്തു
text_fieldsന്യൂഡൽഹി: സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് സാമ്രാട്ട് ചക്രവർത്തി (37) എന്ന "നിൽകമൽ സിക്ദറിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) പശ്ചിമ ബംഗാളിൽ അറസ്റ്റുചെയ്തു. അസമിൽ മാവോവാദി സംഘത്തിന്റെ യൂനിറ്റുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കല്യാണി എക്‌സ്പ്രസ് വേയിൽ നാരായണ സ്‌കൂളിന് സമീപത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വക്താവ് അറിയിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സേത്ത് ബഗാൻ റോഡിൽ താമസിച്ചിരുന്ന ചക്രവർത്തി അമിത്, അർഘ, നിർമ്മൽ, നിർമാൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.
സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗവും പശ്ചിമ ബംഗാളിലെ സൈദ്ധാന്തികനുമായ അരുൺ കുമാർ ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തതിന്‍റെ തുടർച്ചയായാണ് സാമ്രാട്ട് ചക്രവർത്തിയെ പിടികൂടിയതെന്ന് എൻ.ഐ.എ അറിയിച്ചു. അസമിൽ സംഘടന സ്ഥാപിക്കുന്നതിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗ്രൂപ്പിന്റെ വേരുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും ഭട്ടാചാര്യക്കായിരുന്നു ചുമതല. സെപ്തംബർ രണ്ടിന് ഗുവാഹത്തിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഭട്ടാചാര്യ ഉൾപ്പെടെ അറസ്റ്റിലായ ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
പാർട്ടിയുടെ കിഴക്കൻ റീജിയണൽ ബ്യൂറോയുടെ പ്രത്യേക നിർദേശപ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സി.പി.ഐ (മാവോയിസ്റ്റ്) ന്‍റെ പ്രവർത്തനങ്ങൾ തുടരുന്നതിന് ഭട്ടാചാര്യയെ സഹായിക്കാൻ ചക്രവർത്തി പലതവണ അസമിലെ കച്ചാർ ജില്ല സന്ദർശിച്ചിട്ടുണ്ടെന്ന് എൻ.െഎ.എ ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് അറിയിച്ചു.
വിശദ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുടെ സജീവ അംഗമാണ് ചക്രവർത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഘടനയുടെ ഉന്നത നേതാക്കൻമാരും അറസ്റ്റിലായ ഭട്ടാചാര്യയും തമ്മിലുള്ള രഹസ്യ ആശയവിനിമയത്തിലെ കണ്ണിയായിരുന്നു ഇയാൾ. അസമിലെ ഒളിത്താവളത്തിൽ നിന്നായിരുന്നു പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.