ബസ്തറിൽ ബി.ജെ.പിക്കാരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ; പ്രാദേശിക നേതാവിനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി
text_fieldsബസ്തർ (ഛത്തിസ്ഗഡ്): ലോക്സഭ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് പോളിങ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമിരിക്കേ ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തി മാവോവാദികൾ. ബസ്തർ മണ്ഡലത്തിലും അനുബന്ധ പ്രദേശങ്ങളിലുമായി കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ഒമ്പത് ബി.ജെ.പി പ്രവർത്തകരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ബസ്തറിൽ കഴിഞ്ഞ ദിവസം 15 വനിതകൾ ഉൾപ്പെടെ 29 മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് ബി.ജെ.പി പ്രവർത്തകനെ വീട്ടിൽകയറി കൊലപ്പെടുത്തിയതെന്നാണ് സൂചന.
ബി.ജെ.പിയുടെ പ്രാദേശിക നേതാവായ പഞ്ചംദാസ് മണിക്പുരിയെയാണ് കുടുംബാംഗങ്ങൾക്ക് മുന്നിൽവെച്ചാണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് പശ്ചിമ ബസ്തർ ഡിവിഷൻ കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ട്.
പഞ്ചംദാസിന്റെ വീടിന്റെ വാതിൽ തകർത്താണ് മാവോയിസ്റ്റുകൾ അർധരാത്രി അകത്തുകടന്നത്. പൊലീസിന് വിവരങ്ങൾ നൽകുന്നത് പഞ്ചാംദാസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നേരത്തേ പല തവണ നൽകിയ മുന്നറിയിപ്പുകൾ പഞ്ചംദാസ് അവഗണിച്ചുവെന്നും അതുകൊണ്ടാണ് കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തിയതെന്നും മാവോയിസ്റ്റുകൾ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2023 ഫെബ്രുവരി മുതൽ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ ബി.ജെ.പി പ്രവർത്തകനാണ് പഞ്ചംദാസ്. കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റിനെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു. പൊതുഇടത്തിൽ വെച്ചാണ് മറ്റൊരു ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു ഇയാൾക്കുനേരെ മാവോയിസ്റ്റ് ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.