മഹാരാഷ്ട്രയിൽ മൂന്ന് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആയുധങ്ങൾ കണ്ടെത്തി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരു പുരുഷനുമാണെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനിന്ന് എ.കെ47, കാർബൈൻ, ഇൻസാസ് തോക്കുകളും മാവോയിസ്റ്റ് ലഘുലേഖയും കണ്ടെത്തി. കത്രങ്ങട്ട ഗ്രാമത്തോടു ചേർന്ന വനമേഖലയിൽ മാവോയിസ്റ്റുകളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിൽ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
മാവോയിസ്റ്റുകളെ അമർച്ച ചെയ്യാനായി രൂപവത്കരിച്ച സി-60 സ്ക്വാഡ്, ഗഡ്ചിരോളി പൊലീസിലെ പ്രത്യേക ദൗത്യ സംഘം എന്നിവയുടെ നേതൃത്വത്തിലാണ് തിരിച്ചിൽ നടത്തിയത്. ആദ്യം മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും പിന്നാലെ സി-60 സ്ക്വാഡ് തിരിച്ചടിച്ചെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ പൊലീസിനെ കണ്ട മാവോയിസ്റ്റുകൾ വനത്തിനുള്ളിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും തിരിച്ചടിയിൽ കൊല്ലപ്പെടുകയായിരുന്നു. പെരിമിലി ദളം കമാൻഡർ വാസു സമർ കോർച്ച, മാവോയിസ്റ്റ് സംഘാംഗങ്ങളായ രേഷ്മ മഡ്കം (25), കമല മാധവി (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട മൂവരും നിരവധി കുറ്റകൃത്യങ്ങൾ നത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, കവർച്ച, ഏറ്റുമുട്ടൽ തുടങ്ങിയ കേസുകളിൽ ഇവർ പ്രതി ചേർക്കപ്പെട്ടിരുന്നു. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ 22 ലക്ഷംരൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.