ബി.ജെ.പിയിൽ നിന്ന് പുറത്തുകടക്കുക അല്ലെങ്കിൽ മരിക്കുക; ബി.ജെ.പി പ്രവർത്തകരായ രണ്ട് മുൻ സർപഞ്ചുമാരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ
text_fieldsറായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂർ ജില്ലയിൽ കേഡറുകളുടെ ഭീഷണി വകവെക്കാതെ ബി.ജെ.പിയിൽ പ്രവർത്തിച്ചതിന് രണ്ട് മുൻ സർപഞ്ചുമാരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. സുക്‌ലു ഫർസ, സുഖ്‌റാം അവാല എന്നിവരാണ് മരിച്ചത്. “ബി.ജെ.പിയിൽ നിന്ന് പുറത്തുകടക്കുക അല്ലെങ്കിൽ മരിക്കുക,” എന്നെഴുതിയ ലഘുലേഖകളും മരിച്ചവരുടെ ശരീരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച രാവിലെയാണ് സുക്‌ലു ഫർസയുടെയും സുഖ്‌റാം അവാലത്തിൻ്റെയും മൃതദേഹങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സുക്‌ലു ഫർസയുടെ മകൾ ഇന്നലെ രാത്രി അയാളുടെ ജീവന് വേണ്ടി അപേക്ഷിച്ചുകൊണ്ട് വിഡിയോ പുറത്ത് വിട്ടിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ഏഴ് കിലോമീറ്റർ അകലെയുള്ള മാവോയിസ്റ്റ് കേന്ദ്രമായ ഭൈരംഗഢിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ആദ്വാഡയിൽ വെച്ച് ഫർസയെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത്. ഫർസയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഫർസയുടെ മൃതദേഹം ഭൈരംഗഡിലെ ബിരിയഭൂമി മേഖലയിൽ അദ്ദേഹത്തിൻ്റെ വസ്ത്രത്തിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
ബി.ജെ.പിയുമായുള്ള ബന്ധത്തെ തുടർന്നാണ് ഫർസയെ കൊലപ്പെടുത്തിയതെന്ന് മാവോയിസ്റ്റുകൾ ലഘുലേഖയിൽ പറയുന്നു. രണ്ട് തവണ ഫർസയ്ക്ക് ഞങ്ങൾ താക്കീത് കൊടുത്തിരുന്നെന്നും അത് ഗൗനിക്കാത്തതിനെതുടർന്നാണ് ഞങ്ങൾ വധശിക്ഷ വിധിച്ചതെന്നും ലഘുലേഖയിൽ പറയുന്നു. എല്ലാ ബി.ജെ.പി പ്രവർത്തകരും പാർട്ടി വിടണമെന്നും ഇല്ലെങ്കിൽ അവരുടെ വിധിയും ഇതായിരിക്കുമെന്നും ലഘുലേഖയിലുണ്ട്.
2004-ലും 2009-ലും അദ്വാഡ-ബിരിയഭൂമി ഗ്രാമത്തിലെ സർപഞ്ചും ഭൈരംഗഡിലെ ബി.ജെ.പി കർഷക വിഭാഗമായ കിസാൻ മോർച്ചയുടെ ബ്ലോക്ക് തല തലവുമായിരുന്നു ഫർസ.
അതേസമയം മുൻ സർപഞ്ചായ സുഖ്‌റാം അവാലത്തിൻ്റെ മൃതദേഹം കാദർ ഗ്രാമത്തിന് സമീപമുള്ള റോഡരികിൽ കണ്ടെത്തി ബുധനാഴ്ച മുതലാണ് ഇയാളെ കാണാതായത്, ഗ്രാമത്തിലെ ചന്തയിൽ നിന്ന് മടങ്ങുകയായിരുന്ന ഇയാളെ രണ്ട് പേർ ആക്രമിച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2023 ഫെബ്രുവരി മുതൽ ബസ്തർ ഡിവിഷനിൽ പതിനൊന്ന് ബി.ജെ.പി പ്രവർത്തകരും മൂന്ന് കോൺഗ്രസ് പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടർന്ന് ഈ വർഷം മാർച്ചിൽ 43 ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കും പൊലീസ് സംരക്ഷണം നൽകിയിരുന്നു. ബീജാപൂരിൽ മാത്രം ഈ വർഷം 25 ഓളം ആളുകളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.