അരുണാചലും അക്‌സായ് ചിനും ഉൾപ്പെടുത്തി ഭൂപടം: ചൈനീസ് നടപടിയെ അപലപിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അക്‌സായ് ചിൻ പ്രദേശം ഉൾപ്പെടുത്തി സ്റ്റാൻഡേർഡ് ഭൂപടം പുറത്തുവിട്ട ചൈനീസ് നടപടിയിൽ ശക്തമായി അപലപിച്ച് കോൺഗ്രസ്. ലോകത്തിന് മുമ്പിൽ ചൈനീസ് അവസരവാദം തുറന്നുകാട്ടാൻ ജി20 വേദി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സർക്കാറിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചൽ പ്രദേശും അക്‌സായ് ചിൻ പ്രദേശവും തായ്‌വാനുമായി തർക്കമുള്ള ദക്ഷിണ ചൈന കടലും ഉൾപ്പെടുത്തിയുള്ള സ്റ്റാൻഡേർഡ് ഭൂപടമാണ് ചൈന പുറത്തുവിട്ടത്.
അടുത്തിടെ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞിരുന്നു.
ഈ മാസം ആദ്യം, ലഡാക്ക് സന്ദർശന വേളയിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലെന്ന അവകാശവാദം സത്യമല്ലെന്ന് പറഞ്ഞത്. ചൈന നമ്മുടെ ഭൂമി കൈക്കലാക്കുന്നതിൽ ഇവിടുത്തെ നാട്ടുകാർക്ക് ആശങ്കയുണ്ടെന്നും രാഹുൽ കേന്ദ്ര സർക്കാറിനോട് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.