മറാത്ത സംവരണ പ്രക്ഷോഭം: മഹാരാഷ്ട്രയിലെ അംബാദിൽ കർഫ്യൂ
text_fieldsമുംബൈ: ആക്ടിവിസ്റ്റ് മനോജ് ജാറംഗ് പാട്ടീലിന്റെ നേതൃത്വത്തിൽ നടക്കുന്ന മറാത്ത സംവരണ പ്രക്ഷോഭത്തെ തുടർന്ന് മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അംബാദ് താലൂക്കിൽ കർഫ്യൂ ഏർപ്പെടുത്തി. മറാത്ത സമുദായ സംവരണത്തിനായി മുംബൈയിലേക്ക് പ്രതിഷേധം നടത്തുമെന്ന് ജാറംഗ് പാട്ടീൽ പ്രഖ്യാപിച്ചിരുന്നു. ജൽനയിലെ അന്തർവാലി സാരതി ഗ്രാമത്തിൽ നിരവധി പേർ പ്രതിഷേധത്തിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്.
വൻ ജനക്കൂട്ടം സമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളതിനാൽ ധുലെ-മുംബൈ ഹൈവേയിലും സമീപ പ്രദേശങ്ങളിലും വലിയ തോതിലുള്ള ഗതാഗത തടസ്സത്തിന് സാധ്യതയുണ്ടെന്നും കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തുടർന്ന് ക്രമസമാധാന പ്രശ്‌നത്തെ തുടർന്ന് തിങ്കളാഴ്ച അർധ രാത്രി മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അംബാദ് താലൂക്കിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഓഫിസുകൾ, സ്‌കൂളുകൾ, ദേശീയ പാതയിലെ ഗതാഗതം, പാൽ വിതരണം, മാധ്യമ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയെ ഈ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയതായും കലക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ പ്രത്യേക നിയമസഭ വിളിച്ചശേഷം തൊഴിലിലും വിദ്യാഭ്യാസത്തിലും മറാത്ത വിഭാഗത്തിന് 10 ശതമാനം സംവരണം നടപ്പാക്കാൻ സർക്കാർ ബിൽ പാസാക്കിയിരുന്നു. മനോജ് ജാരംഗെ പാട്ടീലിന്‍റെ അനിശ്ചിതകാല നിരാഹാര സമരത്തിനൊടുവിലാണ് സർക്കാർ ബില്ലിന് അംഗീകാരം നൽകിയത്. എന്നാൽ ബിൽ നിയമപരമായി നിൽക്കില്ലെന്നും മറാത്ത വിഭാഗത്തിന് ഒ.ബി.സിക്കകത്ത് തന്നെ സംവരണം വേണമെന്നുമാണ് പാട്ടീലിന്റെ ആവശ്യം. പാട്ടീൽ സമരക്കാരോട് റോഡ് ഉപരോധിച്ചുകൊണ്ടുളള സമരം നടത്താൻ നിർദേശം നൽകിയതിന് പിന്നാലെയാണ് തീർഥപുരിയിൽ സമരക്കാർ ബസ് കത്തിച്ചത്. അംബാദ് താലൂക്കിലെ തീർഥപുരിയിലെ ട്രാൻസ്‌പോർട്ട് ബസാണ് പ്രതിഷേധക്കാർ കത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.