ചില സന്ദർഭങ്ങളിൽ ഭാര്യയെ ഭ്രാന്തിയെന്ന് വിളിച്ചാൽ അധിക്ഷേപമാകില്ലെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: സന്ദർഭ വശാൽ ചില പ്രയോഗങ്ങൾ അധിക്ഷേപകരമായി കരുതാനാവില്ലെന്ന് ബോംബെ ഹൈകോടതി. ചില സന്ദർഭങ്ങളിൽ ഭാര്യയോട് 'നിനക്ക് തലച്ചോറില്ല, ഭ്രാന്താണ്' എന്ന് അധിക്ഷേപിക്കുന്നത് കുറ്റകരമായി കണക്കാക്കാനാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ നിരീക്ഷണം. യുവാവിന്റെ വിവാഹമോചന ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നായിരുന്നു ഭാര്യയുടെ പരാതി. ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകി വീട്ടിലെത്തുന്ന ഭർത്താവിനോട്, വീട്ടിൽ നിന്ന് പുറത്തുപോകുന്നതിനെ കുറിച്ച് പറയുമ്പോൾ, വഴക്കിടാറുണ്ടെന്നും യുവതി പറഞ്ഞു. എന്നാൽ ഇത് ഏത് സന്ദർഭങ്ങളിലാണെന്ന് ഭാര്യ വിശദമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2007ലാണ് ദമ്പതികളുടെ വിവാഹം കഴിഞ്ഞത്. കുറച്ചു മാസങ്ങൾക്കകം തന്നെ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നതെന്ന കാര്യം യുവതിക്ക് നേരത്തേ അറിയാമായിരുന്നു എന്നായിരുന്നു ഭർത്താവിന്റെ വാദം. വിവാഹ ശേഷം കൂട്ടുകുടുംബത്തിൽ നിന്ന് വേറിട്ട് താമസിക്കണമെന്ന് ഭാര്യ നിരന്തരം ആവശ്യപ്പെട്ടു. തന്റെ മാതാപിതാക്കളെ ഭാര്യ ബഹുമാനിക്കുന്നില്ലെന്നും അവരെ സംരക്ഷിക്കുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടു.
തന്റെ വൈവാഹിക ജീവിതം ദുരന്തമായിരുന്നുവെന്നായിരുന്നു ഭാര്യയുടെ മറുപടി. ജീവിതത്തിൽ മുമ്പൊരിക്കൽ പോലും ഇത്തരത്തിൽ അവഹേളിക്കപ്പെട്ടിട്ടില്ല. ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും നികൃഷ്മായ മനസിന്റെ ഉടമകളാണ്. 2009ൽ ഭർത്താവ് തന്നെ തന്റെ വീട്ടിൽ കൊണ്ടുചെന്നാക്കുകയായിരുന്നു. അതിനു ശേഷം വേർപെട്ടാണ് താമസിക്കുന്നതെന്നും യുവതി പറഞ്ഞു.
202ൽ പ്രാദേശിക മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഭർത്താവ് 2013ൽ തനിക്കെതിരെ ഭാര്യ കള്ളക്കേസ് നൽകിയതിനെ കുറിച്ചും കോടതിയിൽ പരാമർശിച്ചു. 2009ൽ വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പരാതി നൽകിയത്. എഫ്.ഐ.ആറിലെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്നും ഇത് ക്രൂരതയാണെന്നും യുവാവ് അവകാശപ്പെട്ടു. എഫ്.ഐ.ആർ പരിശോധിച്ചപ്പോൾ സംഗതി സത്യമാണെന്ന് കോടതിക്കും ബോധ്യപ്പെട്ടു. തുടർന്ന് യുവാവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.