മാർഗരറ്റ് ആൽവ: ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരി
text_fieldsന്യൂഡൽഹി: നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ അഞ്ചു തവണ കോൺഗ്രസ് പാർലമെന്റംഗം, കേന്ദ്രമന്ത്രി, ഗവർണർ തുടങ്ങി പദവികളേറെ വഹിച്ച ഗാന്ധി കുടുംബത്തിലെ അടുപ്പക്കാരിയാണ് 80ാം വയസ്സിൽ വീണ്ടും പ്രതിപക്ഷ സ്ഥാനാർഥിയായി ഉപരാഷ്ട്രപതി പദം തേടുന്നത്. 2008ൽ സോണിയ ഗാന്ധിയുമായി ചെറിയ പ്രശ്നങ്ങൾ ഒഴികെ എന്നും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായി കഴിഞ്ഞ അവർ ബഹളങ്ങളില്ലാതെ നേതൃത്വം കൈയാളിയവരാണ്. രാജ്യത്തിന്റെ വൈവിധ്യം ഉൾക്കൊള്ളുന്ന ഒരാൾ വേണമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ ആവശ്യം മുൻനിർത്തിയാണ് മാർഗരറ്റ് ആൽവക്ക് നറുക്ക് വീണത്. 2023ൽ വരാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് കൂടി ഇതുവഴി പാർട്ടി സ്വപ്നം കാണുന്നുണ്ട്.
എന്നും സോണിയയുടെ അടുപ്പക്കാരിയായി കഴിഞ്ഞ ആൽവയുടെ മകൻ നിഖിൽ ആൽവ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി കൈയാളിയ സമയത്ത് ഉപദേശക സമിതിയിലും പ്രവർത്തിച്ചു. 1974ൽ 32ാം വയസ്സിലാണ് മാർഗരറ്റ് ആൽവ ആദ്യമായി രാജ്യസഭയിലെത്തുന്നത്. 1998വരെ അഞ്ചു തവണയായി സഭയിൽ തുടർന്നു. 13ാം ലോക്സഭയിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്തു. രാജീവ് ഗാന്ധിക്ക് കീഴിൽ 1984ൽ പാർലമെന്ററി കാര്യ മന്ത്രിയായി.
മന്ത്രിയായും അംഗമായും പാർലമെന്റിലുണ്ടായ നീണ്ട കാലഘട്ടത്തിനിടെ വനിതകളുടെ അവകാശങ്ങൾ, തദ്ദേശ സ്ഥാപനങ്ങളിൽ അവരുടെ സംവരണം, തുല്യ വേതനം, വിവാഹ നിയമങ്ങൾ, സ്ത്രീധന നിരോധ നിയമം തുടങ്ങി സുപ്രധാന വിഷയങ്ങളിൽ നിയമ നിർമാണങ്ങൾക്ക് മുന്നിൽനിന്നിട്ടുണ്ട്. 2004ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതോടെയാണ് തോൽവി ആദ്യമായി അറിയുന്നത്. ഇതിനിടെ, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പദവിയും വഹിച്ചു. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഗവർണറായി. 2008ൽ മകൻ നിവേദിതിന് ടിക്കറ്റ് നിഷേധിച്ചതിനു പിറകെ സംസ്ഥാനത്ത് കോൺഗ്രസ് ടിക്കറ്റുകൾ വിറ്റഴിച്ചെന്ന പരസ്യ വിമർശനം ഉന്നയിച്ചത് മാത്രമാണ് നേതൃത്വവുമായി ഉണ്ടായ പടലപ്പിണക്കം.
ഭർതൃപിതാവ് ജൊആഹിം ആൽവ, ഭർതൃമാതാവ് വയലറ്റ് ആൽവ എന്നിവരുടെ പ്രേരണയിലായിരുന്നു മാർഗരറ്റ് ആൽവയുടെ രാഷ്ട്രീയ പ്രവേശനം. ഇരുവരും 1952ൽ പാർലമെന്റ് അംഗങ്ങളാകുമ്പോൾ ആദ്യമായി സഭ കാണുന്ന ദമ്പതികൾ എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. മംഗലാപുരത്തെ സാധാരണ കാത്തലിക് കുടുംബത്തിൽ പി.എ. നസറേത്ത്, എലിസബത്ത് എന്നിവരുടെ മകളായി ജനിച്ച അവർ നിയമത്തിൽ ബിരുദം പൂർത്തിയാക്കി അഭിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു മകളടക്കം നാലു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.