Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയെ ഭർത്താവ്...

ഭാര്യയെ ഭർത്താവ് ബലാത്സംഗം ചെയ്തെന്ന് കുറ്റം ചുമത്തിയ സംഭവം: ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി നോട്ടീസ്

text_fields
bookmark_border
court
cancel
Listen to this Article

ബംഗളൂരു: ഭാര്യക്കെതിരെ ബലാത്സംഗ കൃത്യം ഭർത്താവ്​ നിർവഹിച്ചാലും ബലാത്സംഗം തന്നെയെന്ന കർണാടക ഹൈകോടതി വിധിയിൽ സുപ്രീംകോടതി നോട്ടീസ്. ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന കേസിൽ ഭർത്താവിനെതിരെ പോക്സോ കേസിന്​ പുറമെ ബലാത്സംഗകുറ്റവും ചുമത്തിയത്​ സെഷൻസ്​ കോടതിയും ഹൈകോടതിയും ശരിവെച്ചതിനെതിരെ ഭർത്താവ്​ നൽകിയ ഹരജിയിലാണ്​ സുപ്രീംകോടതി ഇടപെടൽ. ഹരജിയിൽ സംസ്ഥാന സർക്കാറിനും ഹരജിക്കാരന്‍റെ ഭാര്യക്കും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.

ഹൈകോടതി നൽകിയ വിചാരണ അനുമതിയിൽ മേയ് 29ന് വിചാരണ ആരംഭിക്കാനിരിക്കെ അതു തടയണമെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെയുടെ വാദം സുപ്രീം കോടതി അംഗീകരിച്ചു. ഹരജി ജൂലൈയിൽ ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് ഹിമ കോഹ്‍ലി, ജസ്റ്ററിസ് കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കും.

ഏപ്രിൽ 23നായിരുന്നു കർണാടക ഹൈകോടതിയിലെ ജസ്റ്റിസ്​ നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റെ വിധി. 'പുരുഷൻ എന്നാൽ പുരുഷൻ തന്നെയാണ്​. പ്രവൃത്തി എന്നാൽ പ്രവൃത്തി തന്നെയാണ്​. ഭർത്താവായ പുരുഷൻ ഭാര്യയായ സ്ത്രീക്ക്​ മേൽ അത്​ നടത്തിയാലും ബലാത്സംഗം ബലാത്സംഗം തന്നെയാണ്. വൈവാഹിക ബലാത്സംഗത്തിനുള്ള അനുമതി നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമം 375ാം വകുപ്പ്​ ഭേദഗതി ചെയ്യണോ എന്നത്​ തീരുമാനിക്കേണ്ടത്​ നിയമസഭയാണ്. വൈവാഹിക ബലാത്സംഗത്തിനുള്ള അനുമതി പുരോഗതിക്കെതി​രാണെന്നും വിധിയിൽ ജസ്റ്റിസ്​ നാഗപ്രസന്ന പറഞ്ഞു.

വിവാഹിതയായ സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഗൗരവമായ ചർച്ചക്ക് വിധേയമാക്കാവുന്ന പുരോഗമനപരമായ പരാമർശങ്ങളായിരുന്നു ജസ്റ്റിസ് നാഗപ്രസന്ന നടത്തിയത്. ഭർത്താവിൽനിന്ന്​ ഭാര്യക്ക്​ ഏൽക്കുന്ന ഇത്തരം ലൈംഗിക പീഡനങ്ങൾ ഭാര്യയുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കും. ഭാര്യക്കേൽക്കുന്ന ശാരീരികവും മാനസികവുമായ ആഘാതം അവളുടെ ആത്​മാവിനെയാണ്​ മുറിപ്പെടുത്തുക. നിശ്ശബ്​ദരാക്കപ്പെട്ടവരുടെ ശബ്​ദങ്ങൾ നിയമനിർമാതാക്കൾ കേൾക്കേണ്ടത്​ അത്യന്താപേക്ഷിതമാണ്​. വൈവാഹിക ബലാത്സംഗം കുറ്റകരമാണെന്ന്​ പരിഗണിക്കണമെന്നോ അല്ലെന്നോ കോടതി പറയുന്നില്ല. സാഹചര്യങ്ങൾ പരിഗണിച്ച്​ നിയമ നിർമാണ സഭക്ക്​​ അക്കാര്യത്തിൽ തീരുമാനമാകാവുന്നതാണ്​. വിവാഹം ചെയ്തതുകൊണ്ട്​ സ്ത്രീക്കുമേൽ പുരുഷന്​ പ്രത്യേക അധികാരങ്ങളില്ല. പുരുഷനെയും സ്ത്രീയെയും തുല്യപരിഗണനയിലാണ്​ ഭരണഘടന കാണുന്നത്​. വിവാഹം എന്നത്​ തുല്യതയുടെ പങ്കാളിത്തമാണ്​. എന്നാൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഈ വിവേചനമുണ്ട്​. സ്​ത്രീക്കെതിരായ ഏതൊരു പുരുഷന്‍റെ കുറ്റകുത്യവും ശിക്ഷിക്കപ്പെടാൻ അർഹമാണ്​. എന്നാൽ, ഐ.പി.സിയിലെ വകുപ്പ്​ 375 ന്‍റെ കാര്യമാവുമ്പോൾ ഒഴിവ്​ വരുന്നു. ഇത്​ പുരോഗതിയല്ലെന്നും അധോഗമനമാണെന്നും ജസ്റ്റിസ്​ ​നാഗപ്രസന്ന അഭിപ്രായപ്പെട്ടു.

ഭർത്താവിന്‍റെ കീഴിലാണ്​ ഭാര്യ കഴിയേണ്ടതെന്ന കാഴ്ചപ്പാട്​ തുല്യതക്കെതിരാണ്​. അതുകൊണ്ടാണ്​ പല രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം കുറ്റകരമായി കണക്കാക്കുന്നതെന്നും​ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹത്തിന്​ ശേഷം ലൈംഗിക അടിമയെ പോലെയാണ്​ തന്നെ ഭർത്താവ്​ കണ്ടിരുന്നതെന്നും മകളുടെ മുന്നിൽവെച്ചുപോലും പ്രകൃതിവിരുദ്ധ ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നതായും എതിർ ഹരജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marital rape
News Summary - marital rape case supreme court notice
Next Story