മതഘോഷയാത്രക്ക് നേരെ കല്ലേറ്; നൂഹിൽ കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ, അതിജാഗ്രത
text_fieldsഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽ മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ. നൂഹിലെ റാം ചൗക്ക് ഏരിയയിൽ കഴിഞ്ഞ ദിവസമുണ്ടായ കല്ലേറിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു.
കുനൻ പുജൻ പരിപാടിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. നഗരത്തിലെ റാം അവതാർ കുടുംബമാണ് ഘോഷയാത്ര നടത്തിയത്. കുടുംബാംഗങ്ങൾ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്.
20ഓളം ആളുകൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അവർക്ക് നേരെ കല്ലേറുണ്ടായെന്ന പരാതിയാണ് ലഭിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് വൻ പൊലീസ് സന്നാഹത്തെ നൂഹിൽ വിന്യസിച്ചു. കേസിന്റെ എല്ലാവശവും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം നഗരത്തിലെ ഹിന്ദു, മുസ്‍ലിം വിഭാഗങ്ങളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം നടത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് നൂഹ് പൊലീസിന്റെ പബ്ലിക് റിലേഷൻ ഓഫിസർ കൃഷ്ണൻ കുമാർ പറഞ്ഞു. നൂഹിൽ ജൂലൈയിലുണ്ടായ കലാപത്തിൽ രണ്ട് ഹോംഗാർഡ് ഉദ്യോഗസ്ഥർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഇതുപോലൊരു മതഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നൂഹിൽ വലിയ കലാപമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.