കേരളത്തിൽ 'മാർക്ക് ജിഹാദെ'ന്ന് ഡൽഹി സർവകലാശാല പ്രഫസർ
text_fieldsന്യൂഡൽഹി: മലയാളി വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശവുമായി ഡൽഹി സർവകലാശാലയിലെ പ്രഫസർ. കേരളത്തിൽ 'മാർക്ക് ജിഹാദ്' നടക്കുന്നതായാണ് കിരൊരി കോളജിലെ ഫിസിക്‌സ് പ്രഫസറായ രാകേഷ് കുമാര്‍ പാണ്ഡെ ആരോപണമുന്നയിച്ചത്. ആർ.എസ്.എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയാണ് ഇയാൾ.
കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ 'മാര്‍ക്ക് ജിഹാദു'മുണ്ട്. ഇത്രയധികം വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പ്രവേശനം എടുത്തിരിക്കുന്നത് വലിയൊരു വിഭാഗത്തിന്‍റെ ഗൂഡാലോചനയുടെ ഭാഗമാണെന്നും 'കേരളത്തില്‍ മാര്‍ക്ക് ജിഹാദ്' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ രാകേഷ് കുമാർപാണ്ഡെ ആരോപിക്കുന്നു.
'കേരളത്തിൽ നിന്നും ഡൽഹി സർവകലാശാലയിൽ കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികം. ഇടതുപക്ഷം ജെ എൻ യുവിൽ പരീക്ഷിച്ച നടപടി ഡൽഹി സർവകലാശാലയിലും നടപ്പാക്കുന്നു. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറ്റുന്നില്ല.
ഇടതുപക്ഷം ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഡൽഹി സർവകലാശാലയിലും നടാപ്പാക്കുന്നത്' -കുമാർപാണ്ഡെ പറഞ്ഞു.
കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെ.എന്‍.യു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ അവര്‍ക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കെത്താന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും,' എന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചത്.
വിവാദ പ്രസ്താവനക്കെതിരെ വിദ്യാര്‍ഥികളും അധ്യാപകരും ഇടതുപക്ഷ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയിൽ ആദ്യ കട്ട് ഓഫ് പുറത്തുവന്നപ്പോള്‍ തന്നെ നിരവധി മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിരുന്നു. ഇതാണ് പ്രഫസറെ ചൊടിപ്പിച്ചത്.
അതേസമയം, കേരളത്തിൽ 'മാർക് ജിഹാദ്' നടത്തുന്നുവെന്ന ഡൽഹി സർവകലാശാല പ്രഫസറുടെ വിവാദ പരാമർശത്തിനെതിരെ എസ്.എഫ്.ഐ രംഗത്തെത്തി. കേരളത്തെ തീവ്രവാദ കേന്ദ്രമെന്ന് വരുത്തിത്തീർക്കാനുള്ള സംഘ്‌പരിവാർ ശ്രമത്തിന്‍റെ ഭാഗമാണ് പ്രഫ. രാകേഷ് കുമാർ പാണ്ഡെയുടെ വിവാദ പരാമർശമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.