വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി
text_fieldsമഹോബ (ഉത്തർപ്രദേശ്): കണക്കിലെ ഗുണനപ്പട്ടികക്ക് വൈവാഹിക ജീവിതത്തിൽ വല്ല റോളും ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാണ് ഉത്തർ പ്രദേശിലെ മഹോബ ജില്ലക്കാരനായ യുവാവിന് പറയാനുള്ളത്. ശനിയാഴ്ചയായിരുന്നു വരനും സംഘവും വിവാഹത്തിനെത്തിയത്. വരന്‍റെ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ പ്രതിശ്രുത വധു ലളിതമായ ഒരു കണക്ക് പരീക്ഷ മുന്നോട്ടു െവക്കുകയായിരുന്നു. അക്കം രണ്ടിന്‍റെ ഗുണനപ്പട്ടിക ചൊല്ലാനായിരുന്നു ആവശ്യം. വരൻ പരീക്ഷയിൽ പരാജയപ്പെട്ടതോടെ വിവാഹം മുടങ്ങി. മഹോബ ജില്ലയിലെ ധാർവാർ ഗ്രാമത്തിലാണ് സംഭവം.
ഇരു കുടുംബത്തിലെയും അംഗങ്ങളും ഗ്രാമീണരും ചടങ്ങിനായി ഒത്തുകൂടിയിരുന്നു. വിവാഹച്ചടങ്ങുകൾ തുടങ്ങാനിരിക്കേ പെൺകുട്ടി മണ്ഡപത്തിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഗണിതത്തിന്‍റെ ബാലപാഠങ്ങൾ പോലും അറിയാത്ത ഒരാളെ തനിക്ക് വേണ്ടെന്ന് പറഞ്ഞായിരുന്നു പെൺകുട്ടി വിവാഹം വേണ്ടെന്ന് വെച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
'വരന്‍റെ കുടുംബം അയാളുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെക്കുകയായിരുന്നു. അയാൾ സ്കൂളിന്റെ പടി പോലും കടന്നിട്ടുണ്ടാകില്ല. വരന്‍റെ കുടുംബം ഞങ്ങളെ ചതിച്ചു. സാമൂഹത്തിന്‍റെ കുറ്റപ്പെടുത്തലുകളും മറ്റും മാനിക്കാതെ എന്‍റെ ധീരയായ സഹോദരി വിവാഹം വേണ്ടെന്ന് വെച്ചു' -വധുവിന്‍റെ ബന്ധുവായ പെൺകുട്ടി പറഞ്ഞു.
ഇരു കുടുംബങ്ങളും ചേർന്ന് വിഷയം ഒത്തുതീർപ്പാക്കിയതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. പരസ്പരം നൽകിയ ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഒത്തുതീർപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.