വിവാഹം ഭർത്താവിന് ഭാര്യയുടെമേൽ ഉടമസ്ഥാവകാശം നൽകുന്നില്ല; സമ്മതമില്ലാതെ സ്വകാര്യ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനെതിരെ ഹൈകോടതി
text_fieldsഅലഹബാദ് ഹൈകോടതി
പ്രയാഗ്‌രാജ്: ഭാര്യയുമൊത്തുള്ള സ്വകാര്യ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ഭർത്താവിനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈകോടതി. വിവാഹം ഭർത്താവിന് ഭാര്യയുടെ മേൽ ഉടമസ്ഥാവകാശമോ നിയന്ത്രണമോ നൽകുന്നില്ലെന്നും അത് അവളുടെ സ്വയംനിർണയാവകാശത്തേയോ സ്വകാര്യതയ്ക്കുള്ള അവകാശത്തെയോ ഇല്ലാതാക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ഐ.ടി ആക്ടിലെ സെക്ഷൻ 67 പ്രകാരം മിർസാപൂർ ജില്ലയിലെ പ്രദുമ്ൻ യാദവ് എന്നയാളിനെതിരെ ഭാര്യ ഫയൽ ചെയ്ത കേസിലാണ് കോടതി നിരീക്ഷണം. തന്റെ അറിവോ സമ്മതമോ ഇല്ലാതെ യാദവ് മൊബൈലിൽ തങ്ങളുടെ സ്വകാര്യ വീഡിയോ പകർത്തി ആദ്യം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും പിന്നീട് ഭാര്യയുടെ ബന്ധുവിനും മറ്റുള്ളവർക്കും അയച്ചുകൊടുത്തെന്നും ആരോപിച്ചാണ് കേസ്.
ഇത്തരം നടപടി ദാമ്പത്യ ബന്ധത്തിന്റെ പവിത്രത ഗുരുതരമായി ലംഘിച്ചുവെന്നും, ഭാര്യ തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തെ, പ്രത്യേകിച്ചും അവരുടെ സ്വകാര്യ ബന്ധത്തെ ഭർത്താവ് ബഹുമാനിക്കണമെന്നും ജസ്റ്റിസ് വിനോദ് ദിവാകർ വ്യക്തമാക്കി.
ഹരജിക്കാരൻ പരാതിക്കാരിയുടെ നിയമപരമായി വിവാഹിതനായ ഭർത്താവാണെന്നും അതിനാൽ ഐടി ആക്ടിലെ സെക്ഷൻ 67 പ്രകാരമുള്ള ഒരു കുറ്റവും ഹരജിക്കാരന് ബാധകമാകില്ലെന്നും ഭർത്താവിന്‍റെ അഭിഭാഷകൻ വാദിച്ചു. നിയമപരമായി വിവാഹിതയായ ഭാര്യയാണെങ്കിലും അവരുടെ സ്വകാര്യ വീഡിയോ പകർത്തി ബന്ധുക്കൾക്കും നാട്ടുകാർക്കും അയച്ചുകൊടുക്കാൻ അപേക്ഷകന് അവകാശമില്ലെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു.
ഇത്തരം സ്വകാര്യ ഉള്ളടക്കങ്ങൾ പങ്കിടുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിലെ വിശ്വാസ വഞ്ചനയാണ്. ഈ വിശ്വാസവഞ്ചന ദാമ്പത്യ ബന്ധത്തിന്റെ അടിത്തറയെ തന്നെ ദുർബലപ്പെടുത്തുന്നു -കോടതി പറഞ്ഞു.
ഭാര്യ സ്വന്തമായി അവകാശങ്ങളും ആഗ്രഹങ്ങളും ഉള്ള വ്യക്തിയാണ്. അവളുടെ ശരീരത്തിൻമേൽ അവൾക്കുള്ള അവകാശത്തെയും സ്വകാര്യതയെയും ബഹുമാനിക്കുക എന്നത് നിയമപരമായ ബാധ്യത മാത്രമല്ല യഥാർഥത്തിൽ തുല്യമായ ഒരു ബന്ധം വളർത്തിയെടുക്കുന്നതിനുള്ള ധാർമികമായ അനിവാര്യത കൂടിയാണെന്നും കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.