വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയല്ലെന്ന് ബോംബെ ഹൈകോടതി; 'വീട്ടുജോലി ചെയ്യില്ലെങ്കിൽ അത് വിവാഹത്തിനു മുമ്പ് തന്നെ പറയണം'
text_fieldsമുംബൈ: വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈകോടതി. സ്ത്രീയോട് കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് വേലക്കാരിയുടെ ജോലിയുമായി താരതമ്യപ്പെടുത്താനാകില്ല. അത് ക്രൂരതയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അകന്നു കഴിയുന്ന ഭർത്താവിനും ഭർതൃ രക്ഷിതാക്കൾക്കുമെതിരെ യുവതി നൽകിയ ഗാർഹിക പീഡന പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് വിഭ കങ്കൺവാഡി, രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. തുടർന്ന് പുരുഷനും രക്ഷിതാക്കൾക്കുമെതിരെ രജിസ്റ്റർ ചെയ്ത പൊലീസ് കേസ് കോടതി റദ്ദാക്കി.
വിവാഹ ശേഷം ആദ്യമാസം നന്നായി പെരുമാറിയിരുന്ന കുടുംബം അതിനു ശേഷം വീട്ടുവേലക്കാരിയെ പോലെയാണ് തന്നോട് പെരുമാറിയതെന്നായിരുന്നു യുവതിയുടെ പരാതി. കൂടാതെ കാർ വാങ്ങാൻ നാല് ലക്ഷം രൂപ നൽകാനും ഭർത്താവും ഭർതൃ മാതാപിതാക്കളും ആവശ്യപ്പെട്ടുവെന്നും അതിന്റെ പേരിൽ ഭർത്താവ് മാനസികവും ശാരീരികവുമായ പീഡനത്തിനിരയാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു.
പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി പറയുന്നുണ്ടെങ്കിലും എങ്ങനെ പീഡിപ്പിച്ചുവെന്നതിനെ കുറിച്ച് യുവതി വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
യുവതി വീട്ടുജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് വിവാഹത്തിനു മുമ്പ് തന്നെ പറയേണ്ടതായിരുന്നു. എന്നാൽ വരന് വിവാഹത്തെ കുറിച്ച് പുനർവിചിന്തനത്തിന് അവസരം ലഭിക്കുമായിരുന്നു. വിവാഹത്തിന് ശേഷമാണെങ്കിൽ അത് നേരത്തെ തന്നെ പരിഹരിക്കേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മാനസികവും ശാരീരികവുമായ പീഡനമെന്ന് വെറും വാക്ക് പറഞ്ഞാൽ സെക്ഷൻ 498A പ്രകാരം കേസെടുക്കാനാകില്ല. പീഡനം എന്തായിരുന്നെന്ന് വ്യക്തമായി വിശദീകരിച്ചാൽ മാത്രമേ സെക്ഷൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാകൂവെന്നും നിരീക്ഷിച്ചാണ് കോടതി കേസ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.