ഇനി വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് ഉടനെ വേണം; കുറച്ചുകഴിഞ്ഞായാൽ ജയിലിൽ കിടക്കേണ്ടി വരും -എ.ഐ.യു.ഡി.എഫ് നേതാവിന് മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി
text_fieldsഡല്‍ഹി: എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍ എം.പിക്കെതിരെ വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പിന് മുമ്പായിരിക്കണമെന്നാണ് ഹിമന്ത ശർമ ബദ്‌റുദ്ദീന്‍ അജ്മലിനോട് പറഞ്ഞത്. തെരഞ്ഞെടുപ്പിനു ശേഷമാണ് വിവാഹം കഴിക്കുന്നതെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമെന്നും ഹിമന്ത മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു ഹിമന്തയുടെ പരാമർശം. ഏക സിവിൽ കോഡ് നടപ്പാക്കുന്നതോടെ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നത് നിയമവിരുദ്ധമാകും. അതിനാലാണ് വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പിന് മുമ്പ് വേണമെന്ന് അസം മുഖ്യമന്ത്രി എ.ഐ.യു.ഡി.എഫ് നേതാവിനോട് പറഞ്ഞത്.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ മുസ്‍ലിംകളെ പ്രകോപിപ്പിക്കുകയാണ് ബി.ജെ.പിയെന്നും വീണ്ടും വിവാഹം കഴിക്കണമെങ്കിൽ ആർക്കും അത് തടയാനാകില്ലെന്നും മതം അനുവദിച്ച കാര്യമാണെന്നും ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഹിമന്തയുടെ പരാമർശം.
2009 മുതല്‍ ദുബ്രി മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് ബദ്‌റുദ്ദീന്‍ അജ്മല്‍. ഉത്തരാഖണ്ഡിനു പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കാനിരിക്കുന്ന സംസ്ഥാനമാണ് അസം. ഇതിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പായി മുസ്‌ലിം വിവാഹം, വിവാഹമോചന റജിസ്ട്രേഷൻ നിയമം എന്നിവ പിൻവലിക്കാൻ അസം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.