സന്തോഷത്തോടെ ജീവിക്കാൻ മുസ്‍ലിം പെൺകുട്ടികൾ ഹിന്ദുക്കളെ വിവാഹം കഴിക്കണമെന്ന് സാധ്വി പ്രാചി
text_fieldsന്യൂഡൽഹി: നിരന്തരം വർഗീയവിഷം ചീറ്റുന്നതിൽ കുപ്രശസ്തിയാർജിച്ച വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് സ്വാധി പ്രാചി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. സന്തോഷത്തോടെ ജീവിക്കാൻ മുസ്‍ലിം പെൺകുട്ടികൾ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്നാണ് പുതിയ ആഹ്വാനം. ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിച്ചാൽ കറുത്ത വസ്ത്രം ധരിക്കാതെയും തലാഖ് ചൊല്ലാതെയും സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയുമെന്നും പ്രാചി പറഞ്ഞു. ഉത്തർപ്രദേശിലെ ബറേലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രാചി.
ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമിയോടനുബന്ധിച്ച് ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദിച്ചപ്പോൾ ഈ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നായിരുന്നു മറുപടി. ‘ഇന്ത്യയിലെ ജനങ്ങളുടെ ഡി.എൻ.എ പരിശോധിച്ചാൽ എല്ലാവരും രാമന്‍റെയും കൃഷ്ണന്‍റെയും ബാബാ ബോലേനാഥിന്‍റെയും പരമ്പരയിൽപെട്ടവരാണെന്ന് കണ്ടെത്താൻ സാധിക്കും. മമത ബാനർജി മുസ്‍ലിം പ്രീണനം പ്രോത്സാഹിപ്പിക്കുകയാണ്. അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം’ -പ്രാചി പറഞ്ഞു.
മുമ്പും നിരവധി തവണ പ്രകോപനപരമായ വിദ്വേഷ പ്രസ്താവനകൾ പ്രാചി നടത്തിയിട്ടുണ്ട്. മുത്തലാഖിൽ നിന്ന് രക്ഷപ്പെടാൻ മുസ്‍ലിം സ്ത്രീകൾ ഹിന്ദുമതത്തിൽ ചേരണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. “സ്ത്രീകൾ ഇസ്‌ലാമിൽ വിവാഹം കഴിച്ചാൽ തീർച്ചയായും വിവാഹമോചനത്തിന് വിധേയരാകും. ഇതിനെ തുടർന്ന് ‘ഹലാല'യും ഉണ്ടാകും. അതിനാൽ ജീവിതത്തെ നശിപ്പിക്കുന്ന ആ സംസ്കാരത്തെ ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുക” -പ്രാചി പറഞ്ഞു. ഇസ്ലാമിക പ്രഭാഷകനായ സാക്കിർ നായിക്കിന്റെ തലവെട്ടുന്നവർക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
മദർ തെരേസക്കെതിരെയും വിഷലിപ്തമായ പ്രസ്താവനകൾ നടത്തിയ ഇവർ ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ക്രിസ്ത്യൻ മിഷനറിമാരാണെന്നും ആരോപിച്ചിരുന്നു. ''ഇന്ത്യയിൽ ആളുകളെ സ്പർശനത്തിലൂടെ സുഖപ്പെടുത്തിയ മാന്ത്രികയായ മദർതെരേസ ഉണ്ടായിരുന്നു. ആ മദർ തെരേസ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സ്വാമി രാംദേവ് ജി കോടിക്കണക്കിന് ആളുകളെ ആരോഗ്യവാന്മാരാക്കിയിട്ടുണ്ട്. ആയുർവേദത്തിനെ ചെളി എറിയുന്ന ഐ.എം.എ അംഗങ്ങൾ ചെവി തുറന്ന് കേൾക്കുക. സ്വാമി രാംദേവ് ജി രാജ്യത്തിനായി മികച്ച സേവനമാണ് ചെയ്യുന്നത്. കലത്തിലെ വെള്ളവും ഫ്രിഡ്ജിലെ വെള്ളവും പോലെയാണ് ആയുർവേദവും അലോപ്പതിയും. കലത്തിലെ വെള്ളത്തിൽ നിന്ന് ആർക്കും അസുഖം വരില്ല. അതാണ് ആയുർവേദം. 1928ലാണ് ഐ.എം.എ എന്ന ഒരു എൻ.ജി.ഒ ഇവിടെ ഉണ്ടാക്കിയത്. വിദേശ കമ്പനികളുടെ ഏജന്‍റുമാരായ ക്രിസ്ത്യൻ മിഷനറിമാർ ആയുർവേദത്തെ എതിർക്കുന്നു. ആയുർവേദത്തിൽ ശസ്ത്രക്രിയ ഉണ്ട്. ആയുർവേദ ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കണം. എൻ.ജി.ഒയുടെ പ്രവർത്തനം നിർത്തലാക്കണം. ഇന്ത്യയിൽ മതപരിവർത്തന ഗെയിമാണ് നടക്കുന്നത്. സർക്കാരുകൾ ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം'' -സാധ്വി പ്രാചി ആവശ്യപ്പെട്ടു.പശുവിന്‍റെ പേരിലുള്ള ആൾക്കൂട്ടക്കൊലപാതകത്തെ ന്യായീകരിച്ച പ്രാചി, ഇനിയും അത്തരം നടപടികൾ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.