മേരി റോയ്: വിപ്ലവം സൃഷ്ടിച്ച ഒറ്റയാൾ പോരാട്ടം
text_fieldsകോട്ടയം: 'വിപ്ലവകാരിയായ സ്ത്രീ'- മേരി റോയിയുടെ ഒറ്റയാൾ പോരാട്ടത്തെ സുപ്രീംകോടതിയിൽ അവതരിപ്പിച്ച പ്രശസ്ത അഭിഭാഷക ഇന്ദിര ജയ്സിങ് അവരെ അനുസ്മരിച്ചത് ഇങ്ങനെയായിരുന്നു. മേരിയെന്ന പോരാളിയെ വരച്ചിടുന്ന വിശേഷണം. എതിർപ്പുകളെ അവഗണിച്ച് മുന്നേറിയ ഒറ്റയാൾ യുദ്ധത്തിന്റെ ചരിത്രനിമിഷങ്ങളായിരുന്നു ഇവരുടെ ജീവിതം.
1933ൽ കോട്ടയത്തെ അയ്മനത്തായിരുന്നു ജനനം. കൃഷിവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായ പിതാവ് പി.വി. ഐസക്കിനൊപ്പം കുടുംബം 1937ല്‍ ഡല്‍ഹിയിലെത്തി. പിതാവ് പെന്‍ഷനായതോടെ ഊട്ടിയിലേക്ക് മാറി. ഇതിനിടെ, കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉടലെടുത്തു. കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള കാരണവും ഇതായിരുന്നു. ടൈപ്റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ച മേരിക്ക് കമ്പനിയില്‍ സെക്രട്ടറിയായി ജോലി ലഭിച്ചു. ഇതിനിടെ ചണമില്ലില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന രാജീബ് റോയിയെ കണ്ടുമുട്ടി. പിന്നീട് വിവാഹിതരായി റോയിയുടെ അമിത മദ്യപാനം ജീവിതത്തിൽ പ്രതിസന്ധികൾ തീർത്തു. 30 വയസ്സുള്ള മേരി അഞ്ചും മൂന്നും വയസ്സുള്ള മക്കൾക്കൊപ്പം വീടുവിട്ടിറങ്ങി.
നിയമപോരാട്ടത്തിന്റെ തുടക്കം
ഊട്ടിയില്‍ പൂട്ടിക്കിടന്ന പിതാവിന്റെ വീട്ടിലേക്കായിരുന്നു മടങ്ങിയെത്തിയത്. 350 രൂപ ശമ്പളത്തില്‍ പുതിയ ജോലിയും ലഭിച്ചു. എന്നാല്‍, സഹോദരൻ ഗുണ്ടകളുമായെത്തി മേരി റോയിയെയും കുട്ടികളെയും പുറത്താക്കി. ഊട്ടിയിലെ വീടിനുമേലുള്ള തുല്യ അവകാശം പിതാവിന്റെ കേരളത്തിലുള്ള സ്വത്തിന്മേല് അവകാശമില്ലെന്ന് മനസ്സിലായത് അപ്പോഴാണ്.
1966ല്‍ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ഊട്ടിയിലെ വീട് ഇഷ്ടദാനമായി മേരിക്ക് നൽകി. അത് വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ കൊണ്ട് കോട്ടയം കഞ്ഞിക്കുഴിയിൽ അഞ്ചേക്കർ സ്ഥലം വാങ്ങി സ്കൂളിന് തുടക്കമിട്ടു. കോട്ടയത്തെത്തി ഒന്നരപ്പതിറ്റാണ്ടിനുശേഷം 1984ലായിരുന്നു നിയമപോരാട്ടത്തിന് തുടക്കമിട്ടത്. വില്പത്രം എഴുതിവെക്കാതെ മരിക്കുന്ന പിതാവിന്റെ ആണ്മക്കള്ക്കും പെണ്മക്കള്ക്കും സ്വത്തിന്മേല് തുല്യ അവകാശമാണെന്ന് 1986ല്‍ സുപ്രീംകോടതി വിധിച്ചു. വിധിക്ക് പിന്നാലെ കോട്ടയം കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സമീപത്തെ പാലത്തിങ്കല്‍ വീട് ഉള്‍പ്പെടുന്ന 45 സെന്റ് സ്ഥലത്തിന്റെയും നാട്ടകത്തെ അഞ്ച് ഏക്കറോളം വസ്തുവിന്റെയും ഉടമസ്ഥാവകാശത്തില്‍ തനിക്കുകൂടി പങ്കുണ്ടെന്നായിരുന്നു മേരി റോയ് വാദിച്ചത്. എന്നാല്‍, മാതാവ് മരിക്കുന്നതുവരെ ഇത് ഭാഗിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് ഹരജി തള്ളി.
ഇതിനെതിരേ ഹൈകോടതിയെ സമീപിക്കുകയും 2001ൽ അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. 2010ലാണ് ഭൂമി അളന്നുതിരിച്ച് നൽകിയത്. കുടുംബവീടിന്റെ അവകാശമെന്ന നിലയില്‍ 26 ലക്ഷം രൂപവരെ കോടതി അനുവദിച്ചു.
ഈ സ്വത്ത് മക്കൾ വേണ്ടെന്ന് പറഞ്ഞതോടെ തിരികെ സഹോദരനുതന്നെ മേരി നൽകി. സഹോദരനുമായുള്ള പിണക്കവും അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.