രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു; മാസ്കുകൾ ധരിക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. ഇന്ന് 5357 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച ഇത് 6155 ആയിരുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 32814 പേർ കോവിഡ് ബാധിതരാണ്. 11 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് മരണസംഖ്യ 5,30,954 ആയി ഉയർന്നു.
അതേസമയം, ഏപ്രിൽ 10, 11 തീയതികളിൽ പൊതു-സ്വകാര്യ ആശുപത്രികളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നിർദേശം നൽകി. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ അവലോകന യോഗത്തിൽ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങൾ കോവിഡ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും മാസ്ക് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിൽ 1801 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രായമായവരും ഗർഭിണികളും ജീവിതശൈലി രോഗങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിച്ചു. 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളുള്ളവരിലുമാണ് കോവിഡ് മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഹരിയാനയിൽ 100ലധികം ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങൾ, സർക്കാർ ഓഫിസുകൾ മാളുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ബീച്ച്, റോഡ്, പാർക്കുകൾ, തിയേറ്ററുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാൻ പുതുച്ചേരി സർക്കാരും നിർദേശിച്ചിട്ടുണ്ട്. ആശുപത്രികൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മദ്യശാലകൾ, വിനോദ മേഖലകൾ, സർക്കാർ ഓഫിസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൂക്ഷ്മത പാലിക്കാനും പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാനും വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിർബന്ധമായി മാസ്ക് ധരിക്കാനും ആരോഗ്യ ബുള്ളറ്റിനിൽ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.