ഡൽഹിയിൽ ഇനി കാറുകളിൽ മാസ്കില്ലാതെ യാത്ര ചെയ്യാം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ മാസ്ക് ധരിക്കാതെ ഒന്നിലധികം പേർക്ക് കാറിൽ യാത്ര ചെയ്യാൻ അനുമതി നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. എന്നാൽ, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച് മുതൽ നിയമം പ്രാബല്യത്തിൽ വരും.
നേരത്തെ, കാറിൽ തനിച്ച് യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കാതിരിക്കാൻ അനുമതിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നിലധികം പേർക്ക് കാറിൽ മാസ്ക് ധരിക്കാതെ സഞ്ചരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും 500 രൂപ ഈടാക്കാൻ ഉത്തരവുണ്ട്. മുൻപ് 2000 രൂപയായിരുന്നു പിഴ.
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ രാത്രികാല കർഫ്യൂ നിർത്തലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. റെസ്റ്ററന്‍റ് ഉൾപ്പെടെ കടകൾക്ക് രാത്രി വൈകിയും പ്രവർത്തിക്കാൻ അനുമതിയുണ്ട്.
കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
11,499 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. 255 പേരുടെ മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തി. 4,29,05,844 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5,13,481 പേർ മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.