നഗ്രോടയില്‍ കൊല്ലപ്പെട്ട നാല് ഭീകരരെയും അയച്ചത് മസൂദ് അസ്ഹറിന്റെ അർധ സഹോദരനെന്ന് വിവരം
text_fieldsന്യൂഡൽഹി: ജമ്മുവിലെ നഗ്രോടയിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം വധിച്ച നാല് ഭീകരരെ അയച്ചത് ജെയ്ശെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിന്റെ അർധ സഹോദരൻ അബ്ദുൾ റഊഫ് അസ്ഗർ ആണെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട നാല് ഭീകരരെയും നിയന്ത്രിച്ചിരുന്നത് അസ്ഗർ ആണെന്ന് സൈന്യം വ്യക്തമാക്കി.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ ജെയ്ശെ മുഹമ്മദ് ഇന്ത്യയിൽ വലിയ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീർ താഴ്‌വരയിലെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരാക്രമണ പദ്ധതികൾ തയാറാക്കിയത്.
ഇതിനായി പുൽവാമ ആക്രമണത്തേക്കാൾ വലിയ ഭീകരാക്രമണം നടത്താനുള്ള ചുമതല ജെയ്ശെ മുഹമ്മദ് നൽകിയത് അബ്ദുൽ റഊഫ് അസ്ഗർ, ഖാസി താരാർ എന്നിവരെയാണ്.
ആക്രമണം ആസൂത്രണം ചെയ്യാനായി ബഹവൽപൂരിൽ നടന്ന യോഗത്തിൽ ജെയ്ശെ തീവ്രവാദി സംഘടനയിലെ മൗലാന അബു ജുൻഡാലും മുഫ്തി തൗസീഫും പങ്കെടുത്തതയും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആസൂത്രണത്തിന് ശേഷം ഭീകരരെ തെരഞ്ഞെടുക്കുന്നതിനും പരിശീലനം നൽകുന്നതിനും ജെയ്ശെയുടെ ശക്കർഗഡ് യൂണിറ്റിനെ ചുമതലപ്പെടുത്തി.
നഗ്രോട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരർക്ക് ചാവേർ ആക്രമണത്തിനുള്ള പരിശീലനവും കശ്മീരിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനുള്ള പരിശീലനവും ലഭിച്ചിരുന്നു. ആയുധങ്ങൾക്ക് പുറമേ, ഇവരിൽ നിന്ന് പാകിസ്താൻ നിർമ്മിത ക്യു -മൊബൈൽ സെറ്റുകളും വയർലെസ് സെറ്റുകളും ജി.പി.എസ് സംവിധാനവും കണ്ടെടുത്തിരുന്നു. ഇന്ത്യൻ അതിർത്തിയിൽ കടന്നയുടൻ അവർ അബ്ദുൽ റഊഫ് അസ്ഗറുമായി ബന്ധപ്പെട്ടിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.