ബിഹാറിൽ 22 ഐ.എ.എസ് ഓഫിസർമാർക്കും 79 ഐ.പി.എസുകാർക്കുമടക്കം കൂട്ട സ്ഥലംമാറ്റം
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ.ഡി.എക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന വാർത്തകൾക്കിടെ സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കടക്കം കൂട്ട സ്ഥലംമാറ്റം. 22 ഐ.എ.എസ് ഉദ്യോഗസ്ഥരും 79 ഐ.പി.എസുകാരും 45 ബിഹാർ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെയുമാണ് സ്ഥലംമാറ്റിയത്. മാത്രമല്ല, സ്ഥലംമാറ്റത്തിൽ അഞ്ച് ജില്ല മജിസ്ട്രേറ്റുമാരും 17 എസ്.പിമാരും ഉൾപ്പെടുന്നു.
പട്‌ന ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിങ്ങിനെ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. പട്‌നയിലെ സ്‌കൂളുകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ കത്ത് യുദ്ധത്തിലൂടെ ചന്ദ്രശേഖർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് സർക്കാർ വിശദീകരണം.
ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളാണ് ഡൽഹിയിലും പട്നയിലും നടക്കുന്നത്. ആർ.ജെ.ഡിയുടെയും കോൺഗ്രസിന്‍റെയും പാർലമെന്‍ററി പാർട്ടി യോഗങ്ങൾ വിളിച്ചിട്ടുണ്ട്. എന്‍.ഡി.എക്കൊപ്പം ചേരുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകൾ. ബിഹാറില്‍ വരാനിരിക്കുന്ന സഖ്യസര്‍ക്കാറില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന.
നിതീഷിന്‍റെ കൂടുമാറ്റം ഇൻഡ്യ സഖ്യത്തിന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിതീഷ് കുമാർ പോയാലും അത് ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്നാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. ഇൻഡ്യ സഖ്യത്തിൽ നിന്നിരുന്നുവെങ്കിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാമായിരുന്നുവെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.