ട്രെയിനിലെ കൂട്ടക്കൊല; മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വെടിവെച്ചതാണെന്ന് കുറ്റപത്രം
text_fieldsമുംബൈ: ജയ്പുർ-മുംബൈ സെൻട്രൽ എക്സ്പ്രസ് ട്രെയിനിൽ റെയിൽവേ സുരക്ഷ സേന (ആർ.പി.എഫ്) കോൺസ്റ്റബിൾ ചേതൻ സിങ് ചൗധരി മുസ്ലിംകളെ തിരഞ്ഞുപിടിച്ച് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് കുറ്റപത്രം.
പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സുബോധത്തോടെയാണ് കുറ്റകൃത്യം ചെയ്തതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. സർക്കാർ റെയിൽവേ പൊലീസ് (ജി.ആർ.പി) വെള്ളിയാഴ്ചയാണ് ബോരിവലി മജിസ്ട്രേറ്റ് കോടതിയിൽ ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്.
സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി അകോല ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയില്ല. ജൂലൈ 31നാണ് മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും ചേതൻ സിങ് ചൗധരി വെടിവെച്ചുകൊന്നത്. എ.എസ്.ഐ ടികാറാം മീണയെയാണ് ആദ്യം വെടിവെച്ചത്. ഡ്യൂട്ടി തീരും മുമ്പെ വൽസാഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ചൗധരിയെ മീണ അനുവദിച്ചിരുന്നില്ല. ഇതേച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകങ്ങളെന്ന് കുറ്റപത്രം പറയുന്നു. ആദ്യം മീണയെയാണ് വെടിവെച്ചത്. പിന്നീട് മറ്റ് ബോഗികളിൽ ചെന്ന് മൂന്നുപേരെ തിരിഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നു.
അബ്ദുൽ കാദർ മുഹമ്മദ് ഹുസൈൻ ഭാൻപുർവാല, സയ്യദ് സെയ്ഫുദ്ദീൻ, അസ്ഗർ അബ്ബാസ് ശൈഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. തോക്കിൻമുനയിൽ ബുർഖധാരിയായ സ്ത്രീയെക്കൊണ്ട് ‘ജയ് മാതാദി’ വിളിപ്പിക്കുകയും ചെയ്തു. അസ്ഗർ അബ്ബാസിന്റെ മൃതദേഹത്തിനരികെനിന്ന്, ഇന്ത്യയിൽ കഴിയണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്യണമെന്ന് ചൗധരി പറയുന്ന വിഡിയോയും കുറ്റപത്രത്തിന്റെ ഭാഗമാണ്. യാത്രക്കാരനാണ് സംഭവം വിഡിയോയിൽ പകർത്തിയത്.
ട്രെയിനിലെ മൂന്ന് സി.സി.ടി.വി ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്. 150ഓളം സാക്ഷികളാണുള്ളത്. ഇവരിൽ മൂന്ന് പേർ മജിസ്ട്രേറ്റ് മുമ്പാകെയാണ് മൊഴിനൽകിയത്.
കൊലപാതകം, കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകൽ, വധഭീഷണി, ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, യൂനിഫോമിലിരിക്കെ ഔദ്യോഗിക ആവശ്യത്തിന് നൽകിയ ആയുധം ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഐ.പി.സി, ആയുധ നിയമങ്ങൾ പ്രകാരം ചുമത്തിയത്.
പ്രതിയെ വിഡിയോകോൺഫ്രൻസ് വഴി ഹാജരാക്കാൻ അനുവദിക്കണമെന്ന ജി.ആർ.പിയുടെ ആവശ്യം പ്രതിഭാഗം കോടതിയിൽ എതിർത്തു. അടുത്ത രണ്ടിനാണ് തുടർ നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.