തലമാറിയിട്ടും ബംഗാൾ ബി.ജെ.പിയിൽനിന്ന് കൂട്ടപലായനം
text_fieldsന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ മാറ്റിയിട്ടും ബാംഗാൾ ബി.ജെ.പിയിൽനിന്ന് കൊഴിഞ്ഞുപോക്കിന് കുറവില്ല. രണ്ടു പ്രമുഖ എം.പിമാരും കൂറുമാറ്റത്തിനുശേഷം ബി.ജെ.പിയിൽ അവശേഷിക്കുന്ന 71 എം.എൽ.എമാരിൽ 25പേരും തങ്ങൾക്കൊപ്പം ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് തൃണമുൽ കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെടുന്നു. എം.പിമാർക്കും എം.എൽ.എമാർക്കും പുറമെ ബി.ജെ.പി ജില്ല കമ്മിറ്റികളും പാർട്ടി കേഡറുകളും തൃണമൂലിലേക്ക് പലായനം തുടരുകയാണ്.
ബാബുൽ സുപ്രിയോക്കു പിറകെ രണ്ടു ബി.ജെ.പി എം.പിമാർ കൂടി തൃണമൂലുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ തന്നെ വെളിപ്പെടുത്തുന്നു. മുൻകേന്ദ്ര മന്ത്രി എസ്.എസ് അഹ്ലുവാലിയയും സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലെത്തിയ ഖഗൻ മുർമുവുമാണ് സുപ്രിയോക്ക് പിറകെ മറുകണ്ടം ചാടാൻ നോക്കുന്നത്. ഡാർജിലിങ് എം.എൽ.എ നീരജ് സിംബ, ഖരഗ്പുർ എം.എൽ.എ ഹിരമണി ചതോപാധ്യായ, റായ്ഗഞ്ച് എം.എൽ.എ കൃഷ്ണ കല്യാണി എന്നിവരും തൃണമൂലിലേക്കുപോകാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.