ബിഹാർ സെക്രട്ടറിയേറ്റിലെ തീപിടിത്തം: അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാനെന്ന് ആർ.ജെ.ഡി
text_fieldsപറ്റ്ന: ബിഹാർ സെക്രട്ടറിയേറ്റിലെ ഗ്രാമവികസന വകുപ്പ് വിഭാഗത്തിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ഗുരുതര ആരോപണവുമായി രാഷ്ട്രീയ ജനതാദൾ രംഗത്ത്. എൻ.ഡി.എ ഭരണകാലത്തെ അഴിമതികളുടെ തെളിവുകൾ നശിപ്പിക്കാനാണ് ഫയലുകളും രേഖകളും നശിപ്പിച്ചതെന്നാണ് ആർ.ജെ.ഡിയുടെ ആരോപണം.
ഔദ്യോഗിക രേഖകളും റെക്കോർഡുകളും നശിപ്പിക്കുന്നതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആർ.ജെ.ഡി വക്താവ് ചിത്രഞ്ജൻ ഗഗാൻ ആരോപിച്ചു. ഭാവിയിൽ അഴിമതികൾ കണ്ടെത്താതിരിക്കാൻ ആരെങ്കിലും മനഃപൂർവം തീ കത്തിച്ചതാണ്. തങ്ങളുടെ സർക്കാർ ബിഹാറിൽ അധികാരത്തിൽ വരില്ലെന്ന് ജനതാദൾ-യു, ബി.ജെ.പി നേതാക്കൾ തിരിച്ചറിഞ്ഞു.
എൻ.ഡി.എ ഭരണകാലത്ത് നടത്തിയ അഴിമതികൾ ആർ.ജെ.ഡി അധികാരത്തിൽ എത്തുമ്പോൾ അന്വേഷിക്കുമെന്ന ഭയത്തിലാണ് അവർ. അതിനാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീ കത്തിച്ച് തെളിവുകൾ നശിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഭാഗൽപൂരിലെ ശ്രീജൻ അഴിമതി അടക്കം 60ലധികം അഴിമതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗഗാൻ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പറ്റ്ന സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. രണ്ടുനിലകൾ കത്തിനശിച്ചു. 15 മണിക്കൂറിന് ശേഷം ചൊവ്വാഴ്ചയാണ് തീ അണക്കാൻ സാധിച്ചത്. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന തീപിടിത്തം വലിയ സംശയങ്ങൾക്കാണ് വഴിവെച്ചത്.
സ്വർണകടത്ത് കേസ് കത്തിനിൽക്കവെ ആഗസ്റ്റ് 25ന് കേരളത്തിന്‍റെ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പൊതുഭരണ വകുപ്പ് സ്ഥിതി ചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്.
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്നും സ്വർണകടത്തുമായി ബന്ധമുള്ള ഫയലുകൾ ഇല്ലാതാക്കാനാണ് ശ്രമം നടന്നതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു.
തീപിടിത്തം സംബന്ധിച്ച് തെറ്റായ വാർത്ത നൽകിയെന്ന് ആരോപിച്ച് ചില മാധ്യമങ്ങൾക്കെതിരെ നിയമനടപടിസ്വീകരിക്കാൻ കേരളാ സർക്കാർ തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.