ഡൽഹിയിലെ ഇലക്ട്രിക് മോട്ടോർ പാർക്കിങ്ങിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു
text_fieldsന്യൂഡൽഹി: ജാമിയ നഗറിലെ ഇലക്ട്രിക് മോട്ടോർ പാർക്കിങ് ഏരിയയിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ജാമിയ നഗർ മെയിൻ ടിക്കോണ ഭാഗത്തെ പാർക്കിങ്ങിൽ ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. 10 കാറുകൾ, 80 ഇ-റിക്ഷകൾ, ഒരു ബൈക്ക്, രണ്ട് സ്കൂട്ടറുകൾ എന്നിവക്കാണ് തീപിടിച്ചത്. ഇവയിൽ പലതും പൂർണമായി കത്തിനശിച്ചെന്ന് ഡൽഹി അഗ്നിരക്ഷ സേന അറിയിച്ചു. തീ നിയന്ത്രണവിധേയമായെന്നും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഇ-റിക്ഷയിലെ ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.
അതേസമയം, ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിലെ നോർത്ത് ബ്ലോക്കിലും തീപിടിത്തമുണ്ടായെന്ന് അഗ്നിരക്ഷ സേന അറിയിച്ചു. ടെലിഫോൺ എക്‌സ്‌ചേഞ്ച് മുറിയിലാണ് തീപടർന്നത്. ബുധനാഴ്ച പുലർച്ചെ 12.18 ഓടെയാണ് വിവരം അറിഞ്ഞതെന്നും തീ നിയന്ത്രണവിധേയമായതായും അധികൃതർ പറഞ്ഞു.
ഉഷ്ണ തരംഗത്തിനിടെ ഏതാനും ആഴ്ചകളായി ഡൽഹിയിൽ നിരവധി തീപിടിത്തങ്ങളാണ് ഉണ്ടാവുന്നത്. മുണ്ട്ക മെട്രോ സ്റ്റേഷന് സമീപത്തെ നാലുനില കെട്ടിടത്തിൽ മേയ് 13നുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.