ഷിംല ദുരന്തം; മരണ സംഖ്യ കൂടുമെന്ന് ആശങ്ക
text_fieldsഷിംല: ശനിയാഴ്ച അർധരാത്രിയിലുണ്ടായ മണ്ണിടിച്ചിൽ മണ്ഡി- പത്താൻകോട്ട് ദേശീയ പാതയെ ഒരിക്കൽകൂടി ദുരന്തഭൂമിയാക്കി. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനിടെ ഇരു വശങ്ങളിലേക്കായി യാത്ര ചെയ്ത രണ്ടു ബസുകൾ കൊത്രൂപിയിൽ ചായ കുടിക്കാനായി നിർത്തിയപ്പോഴായിരുന്നു അപകടം. ബസുകൾക്കു പുറമെ വേറെയും വാഹനങ്ങളുമുണ്ടായിരുന്നു. കുത്തിയൊലിച്ചെത്തിയ മണ്ണും മഴയും എല്ലാം കൊണ്ടുപോയി. ദുരന്തത്തിനിരയായ യാത്രക്കാരുടെ കൃത്യം കണക്ക് ലഭ്യമല്ലെങ്കിലും മരണം 50 കടക്കുമെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു.
ഒരു ബസിൽ 47 പേരും രണ്ടാമത്തേതിൽ എട്ടു പേരുമാണുണ്ടായിരുന്നത്. രണ്ടു ബസുകളും ഹിമാചൽ ട്രാൻസ്പോർട്ട് കോർപറേഷനു കീഴിലുള്ളതാണ്. മറ്റു വാഹനങ്ങളിൽ എത്ര പേരുണ്ടെന്ന് വ്യക്തവുമല്ല. ഒരു ബൈക്ക് യാത്രികെൻറ മൃതദേഹം കണ്ടുകിട്ടിയിട്ടുണ്ട്. ബസുകളിൽ ഒന്ന് സമ്പൂർണമായി മണ്ണിനടിയിൽ നിന്നാണ് പൊക്കിയെടുത്തത്.
രണ്ടു കിലോമീറ്റർ ദൂരെ ഒലിച്ചുപോയ ബസിൽനിന്ന് 42 മൃതദേഹങ്ങൾ ലഭിച്ചപ്പോൾ രണ്ടാമത്തേതിൽനിന്ന് മൂന്ന് മൃതദേഹങ്ങളും കിട്ടി. ഇതിലുണ്ടായിരുന്ന അഞ്ചു പേർ രക്ഷപ്പെട്ടിട്ടുണ്ട്. മരിച്ച 23പേരെ തിരിച്ചറിഞ്ഞതായും അധികൃതർ പറഞ്ഞു. പാതയുടെ 250 മീറ്റർ ഭാഗം സമ്പൂർണമായി ഒലിച്ചുപോയി.
അർധരാത്രി തുടങ്ങിയ രക്ഷാ പ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.