യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച; ഇരുപതോളം മലയാളികളുടെ ഫോണുകളും പണവും ആഭരണവും നഷ്ടപ്പെട്ടു
text_fieldsസേലം: യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ അർധരാത്രിക്കുശേഷം കൂട്ടക്കവർച്ച. ചൊവ്വാഴ്ച പുലർച്ച 12.30നും ഒന്നേമുക്കാലിനുമിടയിൽ ധർമപുരിക്കും സേലത്തിനുമിടയിൽ നടന്ന കവർച്ചയിൽ യാത്രക്കാർക്ക് പണവും മൊബൈൽ ഫോണുകളും ആഭരണങ്ങളും ഉൾപ്പെടെ നഷ്ടമായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരി ട്രെയിനിലെ ശുചിമുറിയിൽ തന്റെ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടതോടെയാണ് കവർച്ചവിവരം പുറത്തറിയുന്നത്. സഹയാത്രികരെയെല്ലാം വിളിച്ചുണർത്തി വിവരം പറഞ്ഞപ്പോഴാണ് പലർക്കും സാധനങ്ങൾ നഷ്ടമായ വിവരം അറിയുന്നത്.
കോഴിക്കോട്ടേക്കുള്ള യാത്രക്കാരിക്ക് ഒരു ലക്ഷത്തിലധികം വിലയുള്ള പുത്തൻ ഐഫോണും പണവും ഉൾപ്പെടെ നഷ്ടമായി. ടി.ടി.ആറിന്റെ ബാഗും സംഘം ശുചിമുറിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്. എ-വൺ, ബി-വൺ, ബി-ടു, ബി-ത്രീ, ബി-ഫോർ, ബി-ഫൈവ് കോച്ചുകളിലുള്ളവർക്കാണ് വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായത്. ഉറങ്ങിക്കിടന്ന യാത്രക്കാരുടെ ഹാൻഡ് ബാഗ്, പഴ്സ്, ലാപ്ടോപ് ബാഗ് തുടങ്ങിയവ കൈക്കലാക്കി ഇവയിലെ വിലപിടിപ്പുള്ളവ എടുത്ത് ബാഗുകളും പഴ്സുകളും ട്രെയിനിലെ ശുചിമുറികളിൽ ഉപേക്ഷിക്കുകയായിരുന്നു.
കവർച്ചസംഘം സേലത്ത് ഇറങ്ങിയതായി സംശയിക്കുന്നു. ഒന്നര മണിക്കൂറോളം യാത്രാദൂരമുള്ള ധർമപുരിക്കും സേലത്തിനുമിടയിൽവെച്ചാണ് കവർച്ച നടന്നതെന്നാണ് സംശയം. ഐഫോൺ നഷ്ടമായ പെൺകുട്ടി ഉടൻതന്നെ ഫോണിലേക്ക് വിളിച്ചപ്പോൾ മോഷ്ടാവ് ഫോൺ അറ്റൻഡ് ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റ് കേൾക്കുകയും ചെയ്തു. പിന്നീട് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പിന്റെ സഹായത്തോടെ ഫോണിന്റെ സ്ഥലം പരിശോധിച്ചപ്പോഴും സേലം റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഫോണുള്ളതായി കാണാൻ സാധിച്ചു.
സാധനങ്ങൾ നഷ്ടപ്പെട്ടവർ ചിലർ റെയിൽവെ പൊലീസിനെ വിവരം അറിയിച്ചു. ഇവർ പിന്നീട് ഈറോഡ് സ്റ്റേഷനിൽ ഇറങ്ങുകയും പൊലീസെത്തി ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പരാതിക്കാരിൽ ചിലർ മറ്റൊരു ട്രെയിൻ വഴി സേലത്തേക്ക് പോയി. കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. പെരുന്നാൾ, വിഷു ആഘോഷങ്ങൾക്കായി നാട്ടിലേക്ക് തിരിച്ചവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. ബംഗളൂരുവിലും പരിസരങ്ങളിലും പഠിക്കുന്നവരും ജോലി ചെയ്യുന്നവരും കുടുംബത്തോടെ താമസിക്കുന്നവരുമായിരുന്നു യാത്രക്കാരിൽ ഏറെപേരും. ജനറൽ, സ്ലീപ്പർ കോച്ചുകളിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മോഷ്ടാക്കൾ എ.സി കോച്ചുകൾ തിരഞ്ഞെടുത്തതെന്നാണ് സൂചന.
പ്രാണനും അടക്കിപ്പിടിച്ചൊരു യാത്ര...
സേലം: യശ്വന്ത്പുർ -കണ്ണൂർ എക്സ്പ്രസിൽ അർധരാത്രിക്കുശേഷം നടന്ന കൂട്ടക്കവർച്ചയിൽ പരിഭ്രാന്തരായി യാത്രക്കാർ. ഉറങ്ങിക്കിടക്കുകയായിരുന്ന യാത്രക്കാർ കവർച്ച വിവരമറിഞ്ഞ് ചാടിയിറങ്ങി ബാഗുകൾ ഉൾപ്പെടെയുള്ള ലഗേജുകൾ പരിശോധിക്കാനുള്ള നെേട്ടാട്ടമായി. ആഭരണങ്ങളും പണവും മൊബൈൽ ഫോണുകളും നഷ്ടമായെന്ന് അറിഞ്ഞതോടെ മിക്കവർക്കും ആധിയായി.
സേലം ജങ്ഷൻ വിട്ടശേഷം പുറത്തുവന്ന കവർച്ചവിവരം ട്രെയിനിൽ പരന്നതോടെ പലർക്കും പിന്നീടുള്ള ഉറക്കവും നഷ്ടമായി. ഒന്നേമുക്കാലോടെ സേലംവിട്ട ട്രെയിൻ രണ്ടരയോടെ ഇൗറോഡ് ജങ്ഷനിൽ എത്തിയപ്പോൾ യാത്രക്കാർ കൂട്ടത്തോടെ പുറത്തിറങ്ങി. പലരും സാധനങ്ങൾ നഷ്ടപ്പെട്ടത് സങ്കടമടക്കാനാകാതെ വിവരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ റെയിൽവേ പൊലീസ് ഉൾപ്പെടെ എത്തി യാത്രക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സാധനങ്ങൾ നഷ്ടമായവരിൽ ചിലർ ഇൗറോഡ് ഇറങ്ങി പരാതി നൽകാനായി പോയി. ചിലർ ട്രെയിൻ കയറി സേലത്തേക്കും നീങ്ങി. ഉറ്റവർക്കൊപ്പം പെരുന്നാളും വിഷുവും ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ടവർക്ക് ആശങ്കയുടെയും ഭീതിയുടെയും മണിക്കൂറുകളായിരുന്നു പാളങ്ങളിൽ. നിറയെ യാത്രക്കാരുള്ള ട്രെയിനിെൻറ എ.സി കോച്ചുകളിൽ ഉൾപ്പെടെ പൊലീസിനെ കാണാനായതുമില്ല.
കവർച്ച വിവരമറിഞ്ഞവർ ടി.ടി.ആറിനെയും പൊലീസിനെയും പരതി പല കോച്ചുകളിൽ കയറിയിറങ്ങി. കവർച്ച നടന്ന എ.സി കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാർക്ക് സേലം മുതൽ ഇൗറോഡ് വരെയുള്ള യാത്ര തീ തിന്നുന്നതായിരുന്നു. കുഞ്ഞുങ്ങൾക്കൊപ്പം ഉറങ്ങിക്കിടക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ അടുത്തായിരുന്നു കവർച്ചസംഘത്തിെൻറ വിഹാരം. കവർച്ചക്കപ്പുറം മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിക്കാത്തതിലായിരുന്നു യാത്രക്കാർക്കെല്ലാം ആശ്വാസം. ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വരുന്ന ട്രെയിനുകളിൽ സേലം കേന്ദ്രീകരിച്ചുള്ള സംഘം കവർച്ച നടത്തിവരുന്നുണ്ടെന്നാണ് വിവരം. ഒറ്റപ്പെട്ട കവർച്ചകൾ പലപ്പോഴും പുറത്തുവരാറുണ്ടെങ്കിലും കൂട്ടക്കവർച്ച അപൂർവമാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. സേലം കേന്ദ്രീകരിച്ചുള്ള യാത്രകളിൽ ട്രെയിനുകളിൽ പൊലീസ് സാന്നിധ്യം ശക്തമാക്കണമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.