‘കള്ളവണ്ടി’ കയറിയെത്തിയവർക്ക് കെണിയൊരുക്കി റെയിൽവേ, ഒരു സ്റ്റേഷനിൽനിന്ന് ഒരു ദിവസം പിഴയായി കിട്ടിയത് 4.2 ലക്ഷം!
text_fieldsമുംബൈ: ദാദർ റെയിൽവേ സ്റ്റേഷനിൽ പതിവുപോലെ ‘കള്ളവണ്ടി’ കയറിയെത്തിയവർക്ക് രക്ഷയൊന്നുമുണ്ടായിരുന്നില്ല. നോക്കുന്നിടത്തൊക്കെ ഇന്ത്യൻ റെയിൽവേയുടെ ഉദ്യോഗസ്ഥർ. ടിക്കറ്റെടുക്കാതെ ട്രെയിൻ കയറിയവരിൽ ഭൂരിഭാഗം പേർക്കും റെയിൽവേയുടെ ചിരപരിചിതമല്ലാത്ത ആ ‘ഓപറേഷനി’ൽ കീഴടങ്ങുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. ഫലം, ഒറ്റ ദിവസത്തിൽ, ഒരു സ്റ്റേഷനിൽനിന്നു മാത്രം പിഴയായി റെയിൽവേയുടെ അക്കൗണ്ടിലെത്തിയത് 4,21,960 രൂപ!.
പശ്ചിമ റെയിൽവേയാണ് ഒരു സ്റ്റേഷനിലെ പരിശോധനയിൽ ഒരു ദിവസം റെക്കോർഡ് പിഴയീടാക്കി ചരിത്രം കുറിച്ചത്. 195 ടിക്കറ്റ് ചെക്കിങ് ജീവനക്കാർ ഈ മാരത്തോൺ പരിശോധനയിൽ പങ്കാളികളായി. സെപ്റ്റംബർ 30നായിരുന്നു ദാദർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കം നടത്തിയത്. മുമ്പൊന്നും കണ്ടും കേട്ടും പരിചയമില്ലാത്ത പരിശോധനയെക്കുറിച്ച് അറിയാതെ കള്ളവണ്ടി കയറി വന്നവരെല്ലാം ‘കെണി’യിൽ കുടുങ്ങി. ദിവസം മുഴുവൻ നീണ്ടുനിന്ന പരിശോധനയാണ് റെയിൽവേ അധികൃതർ ദാദറിൽ നടത്തിയത്.
1647 യാത്രക്കാരാണ് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തെത്തി ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരിൽനിന്നാണ് 4.2 ലക്ഷം രൂപയിലേറെ ഈടാക്കിയത്. ദാദറിലെ പ്രധാന ഫൂട്ട് ഓവർ ബ്രിഡ്ജിനു മുകളിൽ ഉദ്യോഗസ്ഥർ ഒരു ‘മതിൽ’ പോലെ നിലയുറപ്പിച്ച് കള്ളവണ്ടിക്കാരെ കുടുക്കുകയായിരുന്നു. പരിശോധനയുടെ ദൃശ്യങ്ങൾ യാത്രക്കാരിൽ ചിലർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.