ജയിലിലടച്ചാൽ കൊറോണ വരുമെന്ന്; വാതുവെപ്പ് കേസിൽ സഞ്ജീവ് ചൗളക്ക് ജാമ്യം
text_fieldsന്യുഡൽഹി: മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണ്യെ ഉൾപ്പെട്ട, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വാതുവെപ്പ് കേസുകളിലൊന്നിൽ പ്രതിയായ സഞ്ജീവ് ചൗളക്ക് കോടതി ജാമ്യം അനുവദിച്ചു. ജയിലിലടച്ചാൽ കൊറോണ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ചൗള ജാമ്യാപേക്ഷ നൽകിയത്.
ഫെബ്രുവരിയിൽ ലണ്ടനിൽനിന്ന് നാടുകടത്തപ്പെട്ട ചൗളക്ക് ഏപ്രിൽ 30ന് ന്യൂഡൽഹിയിലെ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ചോദ്യം ചെയ്ത് ഡൽഹി പൊലീസ് ഉയർത്തിയ വാദങ്ങൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ വിധി പ്രഖ്യാപിച്ച ഹൈകോടതി ജസ്റ്റിസ് ആശാ മേനോൻ നിരസിച്ചു. 2 ലക്ഷം രൂപയുടെ വ്യക്തികത ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കിയാണ് ജാമ്യം അനുവദിച്ചത്.
ചൗള ബ്രിട്ടീഷ് പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ 20 വർഷമെടുത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാൻ ഡൽഹി പൊലീസ് ഹൈകോടതിെയ സമീപിച്ചത്. ജാമ്യം കൊടുത്താൽ വീണ്ടും മുങ്ങാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ വിചാരണ തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ചൗളക്ക് ബാധകമല്ലെന്നും െപാലീസിനെ പ്രതിനിധീകരിച്ച എ.എസ്.ജി സഞ്ജയ് ജെയിനും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെവാൾ സിംഗ് അഹൂജയും വാദിച്ചു.
എന്നാൽ, ഏഴ് വർഷമായി വിചാരണ മുടങ്ങിയിരിക്കുകയാണെന്നും കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും വിചാരണ പൂർത്തിയാക്കാൻ ഗണ്യമായ സമയമെടുക്കുമെന്നും ചൗളക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ പറഞ്ഞു. കൊറോണ പശ്ചാത്തലത്തിൽ തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതിയുടെയും ഹൈക്കോടതിയും ഉത്തരവുള്ളതിനാൽ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഇത് മുഖവിലക്കെടുക്കുകയായിരുന്നു.
2000 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ദക്ഷിണാഫ്രിക്കൻ ടീമിെൻറ ഇന്ത്യൻ പര്യടനത്തിനിടെ ചൗള ഒത്തുകളിക്ക് നേതൃത്വം നൽകിയെന്നാണ് കേസ്. അഞ്ച് മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവെപ്പിൽ ചൗളക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. 2002ൽ വിമാനാപകടത്തിൽ മരിച്ച ക്രോണ്യയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. 1996ൽ ബിസിനസ് വിസയിൽ ബ്രിട്ടനിലേക്ക് താമസം മാറ്റിയ ഡൽഹി സ്വദേശിയാണ് ചൗള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.