ദത്തെടുക്കുന്നതിലെ പ്രസവാനുകൂല്യം; സർക്കാർ വിശദീകരണം തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ദത്തെടുക്കുന്ന അമ്മമാർക്ക് പ്രസവാനുകൂല്യം ലഭിക്കണമെങ്കിൽ കുട്ടിയുടെ പ്രായം മൂന്നുമാസത്തിന് താഴെയാവണമെന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാനമെന്തെന്ന് സുപ്രീംകോടതി. 2017ലെ പ്രസവാനുകൂല്യ (ഭേദഗതി) നിയമത്തിൽ ദത്തെടുക്കുന്ന അമ്മമാർക്ക് കുഞ്ഞ് മൂന്നുമാസത്തിൽ താഴെ പ്രായമുള്ളതാണെങ്കിൽ മാത്രമാണ് ആനുകൂല്യങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്നത്. ഇതിനെ ചോദ്യം ചെയ്ത് രണ്ടുകുഞ്ഞുങ്ങളുടെ വളർത്തമ്മയായ ഹംസനന്ദിനിയാണ് കോടതിയെ സമീപിച്ചത്. ഹരജിയിൽ കോടതി സർക്കാറിനോട് വിശദീകരണം തേടി. മൂന്ന് മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ കാലതാമസം കണക്കിലെടുത്ത് ഈ വ്യവസ്ഥ അപ്രായോഗികമാണെന്ന് ഹരജിയിൽ പറയുന്നു.
ഇതുകൊണ്ട് തന്നെ നിയമം ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെ (സി.എ.ആർ.എ) മാനദണ്ഡങ്ങളും നിയമത്തിലെ ഈ വ്യവസ്ഥയും തമ്മിൽ വൈരുധ്യമുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ അനാഥരോ ആയ കുട്ടികളുടെ കാര്യത്തിൽ രണ്ടുമുതൽ നാലുവരെ മാസത്തിനുള്ളിൽ കുട്ടിയുടെ പ്രായം കണക്കാക്കി ശിശുക്ഷേമ സമിതി ദത്തിനുള്ള ലഭ്യത നിയമപരമായി പ്രഖ്യാപിക്കണം. അതേസമയം, യഥാർഥ മാതാപിതാക്കളാണ് സമിതിക്ക് കുഞ്ഞിനെ നൽകുന്നതെങ്കിൽ തീരുമാനം പുനഃപരിശോധിക്കാൻ അവർക്ക് 60 ദിവസത്തെ സമയം അനുവദിക്കണമെന്നാണ് മാനദണ്ഡമെന്നും ഹരജിക്കാരി പറഞ്ഞു. ജസ്റ്റിസുമാരായ പർദിവാല, പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി വീണ്ടും ഡിസംബർ 17ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.